Agreement | ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍; ധാരണാപത്രം ഒപ്പുവച്ചു; രണ്ട് വര്‍ഷത്തേയ്ക്ക് 13 കോടി രൂപ നല്‍കും

 
K Chittilappilly Foundation Partners with Shruthitharanga Project, Signs MoU Worth Rupees 13 Crore
K Chittilappilly Foundation Partners with Shruthitharanga Project, Signs MoU Worth Rupees 13 Crore

Photo Credit: Health Minister's Office

● ശ്രുതി തരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും സാങ്കേതിക സമിതി പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുണ്ട്
● കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കായി സാങ്കേതിക സമിതി അംഗീകാരം നല്‍കിയ 132 കുട്ടികളില്‍ 105 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: (KVARTHA) ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. ഇതുസംബന്ധിച്ച ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പു വച്ചു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് ആരോഗ്യ വകുപ്പുമായി ഫൗണ്ടേഷന്‍ സഹകരിക്കുന്നത്. 

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കും അനുബന്ധ സേവനമായ പ്രോസസറിന്റെ അപ്ഗ്രേഡ് പ്രവര്‍ത്തനത്തിനുമായി രണ്ട് വര്‍ഷ കാലയളവിലേക്ക് പാക്കേജ് തുകയുടെ 50 ശതമാനം നിശ്ചിത കേസുകള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി 13 കോടി രൂപ ഫൗണ്ടേഷന്‍ പദ്ധതിക്കായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. ശ്രുതി തരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും സാങ്കേതിക സമിതി പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കായി സാങ്കേതിക സമിതി അംഗീകാരം നല്‍കിയ 132 കുട്ടികളില്‍ 105 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 834 പേരില്‍ 643 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി. ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 305 കുട്ടികളില്‍ 271 പേരുടേത് പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ജോ. ഡയറക്ടമാരായ ഡോ. ബിജോയ് ഇ, അല്ലി റാണി, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, വിനോദ് എന്നിവര്‍ പങ്കെടുത്തു.

#KeralaHealth #Shruthitharanga #ChittilappillyFoundation #CochlearImplant #ChildrensHealth #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia