Healthcare | കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പ്; അടുത്ത ഘട്ടം  സീറോ പ്രോഫിറ്റ് ആയി നല്‍കുന്നത് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്നെന്നും മുഖ്യമന്ത്രി

 
 Karunya Sparsham is a government initiative in Kerala to provide cancer patients with essential medicines at significantly reduced prices
 Karunya Sparsham is a government initiative in Kerala to provide cancer patients with essential medicines at significantly reduced prices

Photo Credit: Health Minister's Office

കാന്‍സര്‍ രോഗികള്‍ക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: (KVARTHA) കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ഇതുവഴി ലഭിക്കും. തീര്‍ച്ചയായും കാന്‍സര്‍ രോഗികള്‍ക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 


എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളിലൂടെ ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകള്‍ക്കുണ്ടാവും. ഉദാഹരണത്തിന്, വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കില്‍ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികള്‍ക്കു ലഭ്യമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുന്നത്. വിപണി വിലയില്‍ നിന്ന് 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയിലൂടെ എണ്ണായിരത്തില്‍പ്പരം ബ്രാന്‍ഡഡ് മരുന്നുകള്‍ വിതരണം ചെയ്തുവരുന്നുണ്ട്. നിലവില്‍ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവയില്‍ ഏഴെണ്ണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കുന്നത് പാലിക്കാനാണ് എന്ന നയം ഭരണരംഗത്ത് ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നേറുന്നത്. ഓരോ വര്‍ഷവും, പ്രകടനപത്രികയിലെ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഏവ, പൂര്‍ത്തീകരിക്കാനുള്ളവ ഏവ എന്നതു സംബന്ധിച്ച് വിശദമായ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന മാതൃക ഇന്ത്യയില്‍ മറ്റെങ്ങും തന്നെ ഇല്ല. ആ നിലയ്ക്ക് ഭരണനിര്‍വ്വഹണത്തെ വളരെ ഗൗരവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ നിര്‍വ്വഹണത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ശ്രദ്ധ വേണ്ട മേഖലകളില്‍ കേന്ദ്രീകരിക്കാനും അവിടങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താനുമാണ് നൂറുദിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും കേരളം വളരെ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പകര്‍ച്ചവ്യാധികളുടെ വ്യാപനം, ജന്തുജന്യ രോഗങ്ങളുടെ വര്‍ദ്ധനവ്, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ നാം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അവയിലൊന്നാണ് കാന്‍സര്‍ നിയന്ത്രണം. സംസ്ഥാനത്ത് മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ ഒമ്പത് ലക്ഷം പേര്‍ക്ക് കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത സ്തനാര്‍ബുദത്തിനാണ്. സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറും വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കി സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി രണ്ടര കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍സിസിയിലും എംസിസിയിലും ഒട്ടേറെ നൂതന ചികിത്സാ സൗകര്യങ്ങള്‍ ഇക്കാലയളവില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ നടത്തിവരുന്ന ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.


അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്ന് സൗജന്യമായി നല്‍കും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാനാണ് കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

14 ജില്ലകളിലും ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പിലാക്കി. കാന്‍സര്‍ ചികിത്സ വികേന്ദ്രീകരിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ ആരംഭിച്ചു. 2013-14 വര്‍ഷത്തില്‍ കാന്‍സര്‍ സെന്ററിന് പുറമേ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് കാന്‍സര്‍ ചികിത്സ ഉണ്ടായിരുന്നത്. ഇപ്പോള്‍ 50 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാണ്. അന്നത്തെ 68 മരുന്നുകളില്‍ നിന്നും 176 മരുന്നുകള്‍ ലഭ്യമാക്കി. സൗജന്യ ചികിത്സാ രംഗത്തും ഇടപെടലുകള്‍ നടത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് കാന്‍സര്‍ മരുന്നുകള്‍ക്ക് മൂന്നിരട്ടി തുകയാണ് അനുവദിച്ചത്.

അതേസമയം കാന്‍സര്‍ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അര്‍ഹമായ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനില്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. കാന്‍സര്‍ രോഗത്തിന് മുമ്പില്‍ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന കാര്യങ്ങളില്‍ ഒന്നാണ് കാന്‍സര്‍ പ്രതിരോധവും ചികിത്സയും. ഈ മേഖലയില്‍ മൂന്ന് വര്‍ഷമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയും. കൃത്യമായ കാന്‍സര്‍ ഡേറ്റ ശേഖരണത്തിനായി കാന്‍സര്‍ രജിസ്ട്രി രൂപീകരിച്ചു. 

ആദ്യഘട്ടത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായി മാറുന്ന രോഗമാണ് കാന്‍സര്‍. ഏത് കാന്‍സറാണെങ്കിലും ആരംഭത്തില്‍ കണ്ടെത്തി ചികിത്സിക്കണം. ആര്‍ദ്രം കാമ്പയിന്റെ ഭാഗമായി കാന്‍സര്‍ സ്‌ക്രീനിംഗ് കൂടി നടത്തി. ആശുപത്രികളില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

റോബോട്ടിക് സര്‍ജറി ആരംഭിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള 'സെര്‍വി സ്‌കാന്‍' രാജ്യത്ത് ആദ്യമായി ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്.പി.വി. വാക്സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് തീരുമാനമെടുത്തു. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി ആരംഭിച്ചു. കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പുറത്ത് നിന്നും വാങ്ങുമ്പോള്‍ 42,350 രൂപ വിലയുള്ള കാന്‍സര്‍ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയ്ക്ക് വേണ്ടി നല്‍കി മന്ത്രി ആദ്യ വില്‍പന നടത്തി.

കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. എ. ഷിബുലാല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. അനോജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജെ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതത് ജില്ലകളില്‍ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

#KarunyaSparsham #CancerTreatment #KeralaGovernment #HealthcareInitiative #FreeMedicine #TransplantSurgery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia