Cancer Research | 'കാൻസർ കോശങ്ങൾ എന്തുകൊണ്ട് മനുഷ്യശരീരത്തിൽ പെരുകുന്നു'; ജനിതക രഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ


● മനുഷ്യശരീരത്തിലെ എല്ലാ ധർമങ്ങളെയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന ഘടകമാണ് ഡി.എൻ.എ.
● കോശങ്ങൾ വളരുന്നത് ഡി.എൻ.എയുടെ പതിപ്പുകൾ നിർമിച്ചാണ്.
കണ്ണൂർ: (KVARTHA) കാൻസർ കോശങ്ങൾ എന്തുകൊണ്ട് മനുഷ്യശരീരത്തിൽ പെരുകുന്നു എന്നതിൻ്റെ ജനിതക രഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ. വാഷിങ്ടൺ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഗവേഷണശാലയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പൈസക്കരി സ്വദേശിയുമായ ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവുമാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്. കാൻസർ ചികിത്സാരംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഈ ഗവേഷണപ്രബന്ധം മുഖ്യധാര സയൻസ് മാസികയായ 'നേച്ചറിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യശരീരത്തിലെ എല്ലാ ധർമങ്ങളെയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന ഘടകമാണ് ഡി.എൻ.എ. കോശങ്ങൾ വളരുന്നത് ഡി.എൻ.എയുടെ പതിപ്പുകൾ നിർമിച്ചാണ്. ഈ പ്രക്രിയയെ ഡി.എൻ.എ പുനരുൽപാദനം എന്നാണ് വിളിക്കുന്നത്. മാതൃ ഡി.എൻ.എയുടെ സമീപപ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെപ്ലിസോം എന്ന പ്രോട്ടീൻ സംയുക്തമാണ് ഡി.എൻ.എ പുനരുദ്‌പാദനത്തിന്റെ എൻജിൻ. ഇതാണ് പുനരുൽപാദനത്തെ സഹായിക്കുന്നത്.
തകരാറുകളോ പൊട്ടലുകളോ സംഭവിച്ച ഡി.എൻ.എകളിൽ അവയുടെ തകരാർ സ്വയം പരിഹരിക്കപ്പെടുന്നത് വരെ ഈ പുനരുൽപാദനം സംഭവിക്കുകയില്ല. കാൻസർ കോശങ്ങളിൽ സാധാരണ കോശങ്ങളിൽ ഉള്ളതിനേക്കാൾ കൂടിയ അളവിൽ ഡി.എൻ.എകളിൽ പൊട്ടലുകളും തകരാറുകളും കാണപ്പെടാറുണ്ട്.
കാൻസർ കോശങ്ങളുടെ വളർച്ചയുടെ രഹസ്യം
ഡി.എൻ.എയുടെ സ്ഥിരതയും അഭംഗതയും കോശങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നിരിക്കെ എങ്ങനെയാണ് ഈ വിധം പൊട്ടലുകളും തകരാറുകളും ഉള്ള ഡി.എൻ.എയും കൊണ്ട് കാൻസർ കോശങ്ങൾക്ക് സുഗമമായി വളരുവാൻ സാധിക്കുന്നത് എന്ന് നാളിതുവരെ ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയത്.
തെക്കേപുതുപ്പറമ്പിൽ ടി.ടി സെബാസ്റ്റ്യൻ്റെയും റോസമ്മയുടെയും മകനായ റോബിൻ ഏറെക്കാലമായി അമേരിക്കയിലെ എം.ആർ.ഡി ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്. ഭാര്യ ഡോ.സുപ്രിയയും ഇതേ സ്ഥാപനത്തിലെ ഗവേഷകയാണ്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ജനങ്ങളിൽ ഉളവാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് റോബിൻ നടത്തിയ ഗവേഷണ ഫലങ്ങൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
ഈ രഹസ്യത്തെക്കുറിച്ച് കൂടുതൽ ആളുകൾ അറിയേണ്ടത് വളരെ പ്രധാനമാണ്. ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Dr. Robin Sebastian from Kannur uncovers the genetic secret behind the growth of cancer cells, published in "Nature."
#CancerResearch, #GeneticDiscovery, #DrRobinSebastian, #NatureJournal, #KannurNews, #HealthScience