Warning | കോവിഡ് 19 വൈറസിന്റെ വ്യാപനശേഷി കൂടിയ വകഭേദം 'എക് സ് ഇസി'; സ്ഥിരീകരിച്ചത് 27 രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ശാസ്ത്രഞ്ജര്‍
● ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണിത്
● രോഗലക്ഷണങ്ങള്‍ മറ്റു കോവിഡ് വകഭേദങ്ങളുടേതിന് സമം
● യൂറോപ്പിലാണ് വ്യാപനം കൂടുതല്‍.
ന്യൂഡെല്‍ഹി: (KVARTHA) കോവിഡ് 19 വൈറസിന്റെ വ്യാപനശേഷി കൂടിയ വകഭേദം എക് സ് ഇസി(XEC) യെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രഞ്ജര്‍. ഇതിനോടകം തന്നെ 27 രാജ്യങ്ങളിലാണ് എക് സ് ഇസി യുടെ സാന്നിധ്യം കണ്ടെത്തിയത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണിത്.
ഇക്കഴിഞ്ഞ ജൂണില്‍ ജര്‍മനിയിലാണ് എക് സ് ഇസിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ യുകെ, യുഎസ്, ഡെന്മാര്‍ക്ക് തുടങ്ങി മറ്റു പല രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. യൂറോപ്പില്‍ കോവിഡ് വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലാണെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍.
ഒമിക്രോണ്‍ വകഭേദങ്ങളായ കെ.എസ്.1.1, കെ.പി.3.3 എന്നിവയുടെ ഹൈബ്രിഡാണ് എക് സ് ഇസി. പോളണ്ട്, നോര്‍വേ, യുക്രെന്‍, പോര്‍ച്ചുഗല്‍, ചൈന, ലക്‌സംബര്‍ഗ് തുടങ്ങി 27 രാജ്യങ്ങളില്‍ നിന്നായി എക് സ് ഇസി അടങ്ങിയ 500 സാംപിള്‍സ് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഡെന്മാര്‍ക്ക്, ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ വകഭേദത്തിന്റെ വ്യാപനം ത്വരിതഗതിയിലായിരിക്കുമെന്നും വിദഗ് ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എക് സ് ഇസി കോവിഡ് വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ മറ്റു കോവിഡ് വകഭേദങ്ങളുടേതിന് സമാനമാണ്. പനി, ചുമ, തൊണ്ടവേദന, വിശപ്പില്ലായ്മ, മണമില്ലായ്മ, ശരീരഭാഗങ്ങളില്‍ വേദന തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍.
#COVID19 #XECvariant #Omicron #pandemic #publichealth #globalhealth