Virus Alert | മലപ്പുറത്ത് നിപ വ്യാപനം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
● മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ.
● പ്രസ്തുത പ്രദേശങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണ്, പൊതുയോഗങ്ങൾ നിരോധിച്ചിരിക്കുന്നു.
● പ്രാഥമിക സമ്പർക്കത്തിൽ വരുന്നവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം: (KVARTHA) ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 24 കാരനായ യുവാവ് നിപ ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഈ നടപടി.
ജില്ലയിലെ എല്ലാവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്ബാട് പഞ്ചായത്തിലെ ആറ് വാർഡുകളില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്ബാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചു.
വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാവൂ.മേഖലയിലെ സ്കൂളുകള്‍, കോളജുകള്‍, മദ്റസകള്‍, അംഗണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല. തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങള്‍. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കലക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ജില്ലയിൽ കഴിഞ്ഞദിവസം മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
ശനിയാഴ്ച രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപവത്കരിച്ചിരുന്നു. കൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്ബിളുകള്‍ പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരുന്നു. യുവാവ് ബംഗളൂരുവിലെ വിദ്യാർത്ഥിയായിരുന്നു.
നാലു ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 151 പേരെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പർക്കത്തിൽ വന്നവരെ ഐസൊലേഷനിലാക്കി.
നിപ വൈറസ് ഗുരുതരമായ ഒരു രോഗമാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സംശയമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
#NipVirus, #Malappuram, #HealthRestrictions, #VirusOutbreak, #LocalNews, #Quarantine