Nipah Alert | കണ്ണൂരില്‍ നിപയില്ല പരിശോധന ഫലത്തില്‍ നെഗറ്റീവാണെന്ന് തെളിഞ്ഞത് ആശ്വാസമായി
പരിയാരം: (KVARTHA) മാലൂരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്ക് നിപയില്ലെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ വലിയ ആശങ്ക ഒഴിവായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു പേരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ ലക്ഷത്തോടെ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് ശനിയാഴ്ച ഉച്ചയോടെ സ്ഥിരീകരിച്ചത്.
നിപ രോഗബാധയുണ്ടെന്ന സംശയത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ കെ സുദീപ് അറിയിച്ചു. കടുത്ത ചര്‍ദ്ദിയും പനിയും ഉള്‍പ്പെടെ ചില ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
അഞ്ചാം നിലയില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടാണ് ചികിത്സ നടത്തുന്നത്. പിപിഇ കിറ്റ് ഉള്‍പ്പെടെ പ്രതിരോധ സംവിധാനങ്ങളോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ പരിപാലിച്ചത്. മറ്റു രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഒരു വിധത്തിലും ബാധിക്കപ്പെടാത്ത തരത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മെഡിക്കല്‍ സുപ്രണ്ട് അറിയിച്ചു.
#Nipah, #HealthUpdate, #Kannur, #KeralaHealth, #VirusAlert, #MedicalNews