Recognition | കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍; മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

 
NITI Aayog Praises Kerala's Healthcare, Discusses with Minister
NITI Aayog Praises Kerala's Healthcare, Discusses with Minister

Photo Credit: Health Minister's Office

● കുട്ടികളുടെ ആരോഗ്യത്തിലും മാതൃമരണ നിരക്കിലെ കുറവിലും സംസ്ഥാനം മികവ് കാട്ടി
● കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം എന്നും അഭിനന്ദിച്ചു.

വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നീതി ആയോഗ് മെമ്പര്‍ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളും ചര്‍ച്ചയായി.


കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നല്‍കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

മെഡിക്കല്‍ കോളേജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായം ആവശ്യമാണ്. ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞു. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

#KeralaHealthcare #NITIAYog #publichealth #India #healthcare #maternalhealth #childhealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia