Launch | കേരളത്തില്‍ ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് മികച്ച സാധ്യത; കരള്‍ സംരക്ഷണത്തിന് സി എം എഫ് ആര്‍ ഐ വികസിപ്പിച്ച കടല്‍പായല്‍ ഉല്‍പന്നം വിപണിയില്‍; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ്
● സി എം എഫ് ആര്‍ ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഗ്രീന്റെക്‌സ്
● സ്വകാര്യ കമ്പനിയായ എമിനിയോടെക്കാണ് ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്
● അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായകരം
കൊച്ചി: (KVARTHA) കരള്‍ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) കടല്‍പായലില്‍ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉല്‍പന്നം (ന്യൂട്രാസ്യൂട്ടിക്കല്‍) വിപണിയിലിറക്കുന്നു. ഗ്രീന്റെക്‌സ് എന്ന പേരില്‍ നിര്‍മ്മിച്ച ഉല്‍പന്നത്തിന്റെ വിപണി ലോഞ്ചിംഗ് വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു.
സി എം എഫ് ആര്‍ ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഗ്രീന്റെക്‌സ്. സ്വകാര്യ കമ്പനിയായ എമിനിയോടെക്കാണ് ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. കടല്‍പായലിലെ ഗുണകരമായ ബയോ ആക്ടീവ് ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഉല്‍പന്നം വികസിപ്പിച്ചിരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഈ ഉല്‍പന്നം സഹായകരമാണ്.
കേരളത്തില്‍ ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് മികച്ച സാധ്യതയാണുള്ളതെന്ന് ഉദ് ഘാടനം നിര്‍വഹിച്ച ശേഷം മന്ത്രി പറഞ്ഞു.
ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മില്‍ മികച്ച ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വികസിപ്പിക്കുന്ന ഗവേഷണങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കടല്‍പായലില്‍ നിന്നും ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ സി എം എഫ് ആര്‍ ഐ നടത്തിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
പോഷക സുരക്ഷക്കൊപ്പം, പല ആന്തരിക അവയവങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനും കടല്‍പായല്‍ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ ഫലപ്രദമാണെന്ന് സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉല്‍പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ കാജല്‍ ചക്രവര്‍ത്തി പറഞ്ഞു.
നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമര്‍ദം, തൈറോയിഡ് എന്നിവയെ പ്രതിരോധിക്കാനായി സി എം എഫ് ആര്‍ ഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ സ്വകാര്യ കമ്പനികള്‍ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്.
ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയവയില്‍ നിന്ന് ഒണ്‍ലൈനായും പ്രധാന മരുന്നു വില്‍പനശാലകളിലും ഉല്‍പന്നം ലഭ്യമാണെന്ന് എമിനിയോടെക് മാനേജിംഗ് ഡയറക്ടര്‍ ഇവാന്‍ ജലിസ്റ്റ് പത്രോസ് പറഞ്ഞു.
രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍ കൃഷിക്ക് അനുയോജ്യമാണെന്ന് സി എം എഫ് ആര്‍ ഐ അടയാളപ്പെടുത്തിയിട്ടുണ്ട്. സി എം എഫ് ആര്‍ ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24,167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനം സാധ്യമാണ്.
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ കെ അനില്‍കുമാര്‍, എമിനോടെക് ഡയറക്ടര്‍ അനില്‍ കുമാര്‍, രാജേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
#Nutraceuticals #SeaweedInnovation #KeralaHealth #Greentex #LiverHealth #CMFRI