Anomaly Scanning | 18-20 ആഴ്ചയിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യ രഹസ്യം തുറന്ന് പറയും! അനോമലി സ്കാനിംഗ് എങ്ങനെ, എന്തിന്?
● പുതിയതായി നമ്മുടെ ശരീരത്തിൽ എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കിൽ അതും സ്‌കാനിംഗുകളിലൂടെ തെളിയിക്കപ്പെടുന്നു.
● 'ഗർഭസ്ഥ ശിശുവിനു ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തുവാൻ വേണ്ടിയാണ് സ്കാനിംഗ് ചെയ്യാറ്.
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് നമ്മുടെ ആരോഗ്യമേഖല വളരെയേറെ പുരോഗതിയിലേയ്ക്ക് ഒരോ നിമിഷവും കുതിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങളാണ് ആരോഗ്യരംഗത്ത് ഒരോ നിമിഷവും ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ പറയാൻ പറ്റുന്ന ഒന്നാണ് സ്കാനിംഗിലൂടെ നമ്മുടെ ശരീരത്തിലെ ഏത്ര പഴയ രോഗമാണെങ്കിലും കണ്ടെത്താമെന്നുള്ളത്. പുതിയതായി നമ്മുടെ ശരീരത്തിൽ എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കിൽ അതും സ്‌കാനിംഗുകളിലൂടെ തെളിയിക്കപ്പെടുന്നു. 'സ്കാനിംഗ്' പല വിധത്തിൽ നിലവിലുണ്ട്.
ഗർഭസ്ഥ ശിശുവിനു ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തുവാൻ വേണ്ടിയുള്ള സ്‌കാനിംഗ് മുതൽ ശരീരത്തിൽ ക്യാൻസർ ഉണ്ടോ എന്ന് തെളിയിക്കപ്പെടാനുള്ള സ്കാനിംഗ് വരെ നിലവിലുണ്ട്. ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചയും, ശരീരഭാഗങ്ങൾ, ആന്തരീകാവയവങ്ങൾ, എന്നിവ സസൂക്ഷ്മമം നിരീക്ഷിക്കാനും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അവ മുൻകൂട്ടി തിരിച്ചറിഞ്ഞു തക്കതായ ട്രീറ്റ്‌മെന്റുകൾ ചെയ്യാനും കഴിയുന്ന ഒരു സ്കാനിംഗ് രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതാണ് 'അനോമലി സ്കാനിംഗ്' അഥവാ TIFFA സ്കാൻ . അതിനെപ്പറ്റി വിശദമായി പറയുന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നു: 'ഗർഭസ്ഥ ശിശുവിനു ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തുവാൻ വേണ്ടിയാണ് സ്കാനിംഗ് ചെയ്യാറ്. സ്കാനിങ്ങുകളിൽ സുപ്രധാനമായ ഒന്നാണ് അനോമലി സ്കാനിംഗ് അഥവാ TIFFA സ്കാനിംഗ്. മറ്റ് സ്കാനിങ്ങുകൾ പോലെ തന്നെ ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നു തന്നെയാണ് അനോമലി സ്കാനിംഗ്. ഇതിനു TIFFA (ടാർഗെറ്റഡ് ഇമേജിങ് ഫോർ ഫീറ്റസ് അനോമലീസ്) സ്കാൻ, ലെവൽ II സ്കാൻ, 20-വീക്ക് അൾട്രാസൗണ്ട് സ്കാൻ എന്നും പേരുകളുണ്ട്.
എന്നാൽ അനോമലി സ്കാനിങ്ങിനെ വ്യത്യസ്ത മാക്കുന്നത് ഇത് കുട്ടിയുടെ അവയവങ്ങളും, രൂപവും അടുത്ത് കാണാൻ സഹായിക്കുന്നു എന്നതാണ്. സാധാരണയായി ഗർഭകാല ത്തിന്റെ 18-20 ആഴ്ചകൾക്കിടയ്ക്കാണ് അനോമലി ചെയ്യാറ്, അതായത് രണ്ടാം ട്രിമെസ്റ്ററിൽ. കാരണം, ഈ കാലയളവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങളും, ആന്തരീകാവയവങ്ങളും 90% വും വളർച്ചപ്രാപിച്ചിട്ടുണ്ടാവുക. ഗർഭസ്ഥ ശിശുവിൻ്റെ ശാരീരിക വികാസം, വളർച്ച , സ്ഥാനം, വൈകല്യങ്ങൾ എന്നിവ വളരെ സൂക്ഷ്‌മമായിത്തന്നെ അനോമലി സ്കാനിങ്ങിലൂടെ കണ്ടെത്താനാകും.
ഡൗൺ സിൻഡ്രോം പോലെയുള്ള അസുഖങ്ങളും അതുപോലെ ജന്മനാ ഉള്ള ഹൃദ്രോഗങ്ങളും 50%വും ഇത്തരം സ്കാനിങ്ങിലൂടെ അറിയാൻ കഴിയും. കുഞ്ഞിന്റെ തലച്ചോറ് വളരെ അടുത്ത് കാണുവാൻ സാധിക്കുന്നു. ഇതുമൂലം തലച്ചോറിൽ ഉണ്ടാകുന്ന അസാധാരണമായ വളർച്ചകളും മറ്റും അനോമലി സ്കാനിങ്ങിലൂടെ നമുക്ക് തിരിച്ചറിയാം. നാഡീവ്യൂഹങ്ങൾ, ചെറുനാഡികൾ, എല്ലുകൾ എന്നിവയുടെ നിരീക്ഷണം എളുപ്പമാക്കുന്നു. ഗർഭസ്ഥ ശിശുവിൻ്റെ വിരലുകൾ, കൈകാലുകൾ, ഇവയിലെ ചെറു അസ്ഥികൾ പോലും അടുത്ത് കാണാൻ കഴിയുന്നതുകൊണ്ട് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് വളരെ നേരത്തെ കണ്ടെത്താൻ സാധിക്കും.
കുഞ്ഞിന്റെ കിഡ്നി പ്രവർത്തനം, മൂത്ര വിസർജനം എന്നിവ നോർമൽ ആണോ എന്നും നോക്കാൻ കഴിയും. കുട്ടിയുടെ വയറിലും, ആന്തരീകാവയവങ്ങളിലും പ്രശ്നങ്ങളുണ്ടോ എന്നു കാട്ടിത്തരുന്നു. അമ്മയുടെ വയറ്റിൽ കുഞ്ഞ് യഥാസ്ഥാനത്തു തന്നെയാണോ എന്ന് അനോമലി സ്കാനിംഗ് വെളിപ്പെടുത്തി തരുന്നു. കുഞ്ഞിന്റെ സ്ഥാനം മാറുന്നത് സുഖപ്രസവത്തിന് തടസ്സമായേക്കാം എന്ന സാഹചര്യത്തിൽ സിസേറിയൻ വേണ്ടി വരുമോ എന്ന് മുൻകൂട്ടി അറിയാനും ഇത്തരം സ്കാനിംഗ് സഹായിക്കുന്നു. സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിനു എന്തെങ്കിലും കാര്യമായ തകരാറുകൾ കണ്ടു പിടിക്കുകയാണെങ്കിൽ അതിനു തക്കതായ മരുന്നുകളോ, മാർഗങ്ങളോ, ചികിൽസകളോ ഡോക്ടർമാർക്ക് നിർദ്ദേശിക്കാൻ സാധിക്കുകയും ചെയ്യും.
അനോമലി സ്കാൻ മറ്റ് അൾട്രാസൗണ്ട് സ്കാനിങ്ങുകൾ പോലെ തന്നെയാണ് എടുക്കുന്നത്. ഇത് തികച്ചും വേദനരഹിതമാണെന്നുമാത്രമല്ല ഗർഭിണിക്ക് റിലാക്സ് ചെയ്ത് ചെയ്യാൻ കഴിയുന്ന ഒന്നുകൂടിയാണ്. സ്കാനിംഗ് ചെയ്യുന്നത് വളരെ പരിചയസമ്പത്തുള്ള റേഡിയോളജിസ്റ്റ് ആയിരിക്കും. അൾട്രാസൗണ്ട് സ്കാനുകൾ ഭ്രൂണത്തിനോ, ഗർഭിണിക്കോ, കുട്ടികൾക്കോ, മുതിർന്നവർക്കോ ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന് പഠനങ്ങൾ തെളിയിച്ചി ട്ടുണ്ട്. അനോമലി സ്കാൻ ഒരു അൾട്രാസൗണ്ട് സ്കാൻ ആയതിനാൽ ഇത് തികച്ചും സേഫ് ആണ്.
ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ മാത്രമേ പരാമാവധി അനോമലി സ്കാനിങ്ങിനു എടുക്കുകയുള്ളൂ. വളരെ വിശദമായ അനോമലി സ്കാൻ റിപ്പോർട്ട് ആണ് നിങ്ങൾക്ക് ലഭിക്കുക. ഇതിൽ ഗർഭസ്ഥ ശിശുവിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും. കുഞ്ഞിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, അളവുകൾ, അമ്നിയോട്ടിക് ദ്രവത്തിന്റെ അളവ്, പ്ലാസന്റയുടെ സ്ഥാനം, കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിഗതികൾ, സൈസ്, വളർച്ച, വികാസം, ചെറുതുമുതൽ കാര്യമായിട്ടുള്ള വൈകല്യങ്ങൾ എന്നിവ അനോമലി സ്കാനിംഗ് റിപ്പോർട്ടിൽ റെക്കോർഡ് ചെയ്തിട്ടുണ്ടാകും. സാധാരണഗതിയിൽ സ്കാനിംഗ് നടത്തിയ അതേ ദിവസമോ അതല്ലെങ്കിൽ പിറ്റേ ദിവസമോ ആയിരിക്കും അനോമലി സ്കാൻ റിപ്പോർട്ട് നിങ്ങൾക്ക് ലഭിക്കുക.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഭ്രൂണമാകുന്നത് മുതൽ ജന്മം കൊള്ളുന്നത് വരെയുള്ള യാത്ര അത്രമേൽ ശ്രദ്ധ കൊടുക്കേണ്ട ഒന്ന് തന്നെയാണ്. ആരോഗ്യമുള്ള അമ്മയ്‌ക്കേ അധികം ക്ലേശമൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ കഴിയൂ. കുഞ്ഞിന്റെ ശാരീരികവും , മാനസികവുമായ വളർച്ച സമയാസമയങ്ങളിൽ ചെക്ക് ചെയ്യേണ്ടത് പരമപ്രധാനമാണ്.
ശരിയായ മരുന്ന്, കൃത്യമായ ഡയറ്റ്, ചെക്കപ്പുകൾ, സ്‌കാനുകൾ, ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം കൃത്യമായി പാലിക്കുക തന്നെ വേണം. അനോമലി സ്കാൻ അഥവാ TIFFA സ്കാൻ ഇതിൽ അത്യന്തം ശ്രദ്ധ നേടുന്നു. രണ്ടാം ട്രിമെസ്റ്ററിൽ, അതായത് 18 മുതൽ 20 ആഴ്ചകളിൽ ചെയ്യുന്ന ഇത്തരം സ്കാനിങ്ങിലൂടെ കുട്ടിയുടെ വളർച്ചയും, ശരീരഭാഗങ്ങൾ, ആന്തരീകാവയവങ്ങൾ, എന്നിവ സസൂക്ഷ്മമം നിരീക്ഷിക്കാനും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അവ മുൻകൂട്ടി തിരിച്ചറിഞ്ഞു തക്കതായ ട്രീറ്റ്‌മെന്റുകൾ ചെയ്യാനും കഴിയും'.
നമ്മുടെ കുട്ടികളുടെ ആരോഗ്യം എല്ലാ മാതാപിതാക്കൾക്കും പ്രധാനപ്പെട്ടതാകുന്നു. അതുകൊണ്ട് കുട്ടികൾ ഉണ്ടാകാൻ താല്പര്യമെടുത്തിരിക്കുന്ന എല്ലാവർക്കും ഇത് പ്രയോജനപ്പെടും. നമ്മുടെ ആരോഗ്യ രംഗത്ത് പല വിധ സ്‌കാനിംഗ് നിലവിലുണ്ടെങ്കിലും അതിൽ ഗർഭസ്ഥ ശിശുക്കളുടെ സ്ക്കാനിംഗ് എന്ന നിലയിൽ അനോമലി സ്കാൻ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഈ മേഖലയിൽ അറിവ് തേടുന്നവർക്ക് ഉപകാരപ്പെടാൻ ഈ ലേഖനം പങ്കിടാൻ മറക്കേണ്ട.
#AnomalyScan #FetalHealth #TIFFAScan #PrenatalCare #Ultrasound #Pregnancy