Antibiotics | ആന്റിബയോട്ടിക്കുകളുടെ ഉപയോഗം: ഈ കാര്യങ്ങൾ അറിയാതെ പോകരുത്
● ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
● ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്സ് വാങ്ങരുത്
● ആന്റിബയോട്ടിക് പ്രതിരോധം ഒരു വലിയ ആഗോള ആരോഗ്യഭീഷണിയാണ്.
മിന്റാ മരിയ തോമസ്
(KVARTHA) ഇന്ന് ഒരു അസുഖം വന്നാൽ എന്തിനും ഏതിനും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് ആരോഗ്യ മേഖലയിൽ തന്നെ വലിയൊരു ബിസിനസ് ആയി മാറിയിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് ധാരാളം മെഡിക്കൽ ഷോപ്പുകൾ കൂണുപോലെ കിളുക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഒപ്പം തന്നെ ഹോസ്പിറ്റലുകൾക്കും നമ്മുടെ നാട്ടിൽ ഒരു പഞ്ഞവും ഇല്ലാതായിരിക്കുന്നു. എവിടെ ഹോസ്പിറ്റലുകളോ മെഡിക്കൽ ഷോപ്പുകളോ വന്നാൽ അത് വലിയ വിജയവുമായി മാറുന്നു.
റെസ്റ്റോറൻ്റുകളും ഹോസ്പിറ്റലുകളും അടിക്കടി വളർന്നുകൊണ്ടിരിക്കുന്ന ഒരു നാടായി മാറിയിരിക്കുന്നു ഈ കൊച്ചു കേരളം. ശരീരം നോക്കാതെയുള്ള ആഹാര രീതികളും വ്യായാമം ഇല്ലായ്മയും മറ്റുമാണ് ഓരോ മനുഷ്യശരീരത്തെയും രോഗാവസ്ഥയിൽ കൊണ്ടു ചെന്ന് എത്തിക്കുന്നത്. ഒരു രോഗി ഹോസ്പിറ്റലിൽ എത്തിയാൽ രോഗം പോകുകയും ചെയ്യരുത് രോഗി മരിക്കാനും പാടില്ല എന്നതാണ് ഇക്കാലത്തെ ചില ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും നയമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഒരാളുടെ ഒരു രോഗം തൽക്കാലം ഭേദപ്പെട്ടെന്നിരിക്കും. എന്നാൽ മറ്റൊരു രോഗത്തിന് അത് തുടക്കമായി മാറുകയും ചെയ്യുന്നു എന്നതാണ് ഇവിടുത്തെ ഒരു നാട്ടുനടപ്പ്. അതുകൊണ്ടാണ് റെസ്റ്റോറൻ്റുകളും ആശുപത്രികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറഞ്ഞത്. ഓരോ ചികിത്സയ്ക്കും മരുന്നിനുമായി കോടികളാണ് ഹോസ്പിറ്റലുകൾ പിഴിഞ്ഞെടുക്കുന്നത്. കൂടാതെ സർവ്വീസ് ചാർജ് എന്ന് പറഞ്ഞ് മറ്റൊരു തുകയും. ഒരു സാധാരണക്കാരനെ സംബന്ധിച്ച് പറഞ്ഞാൽ ഇത് താങ്ങാനാവുന്നതിലപ്പുറമാണ്.
ഇതിൽ ആർക്കും ആരോടും ഒരു സഹതാപവും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഹോസ്പിറ്റലും മെഡിക്കൽ ഷോപ്പുമായും ഒക്കെ ബന്ധപ്പെട്ട് വലിയൊരു ബിസിനസ് ഇവിടെ നടക്കുന്നു എന്ന് ചുരുക്കം. ഈ അവസരത്തിൽ മെഡിക്കൽ ഷോപ്പ്, ഇംഗ്ലീഷ് മരുന്നുകൾ, ഒ ടി സി സെയിൽ എന്നിവയുമായി ബന്ധപ്പെട്ട് റോയി സ്ക്കറിയ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: ചെറിയ രോഗങ്ങൾക്ക് പോലും ആന്റിബയോട്ടിക്സ് കുറിക്കുന്ന ഡോക്ടർമാർ ഉള്ള നാടാണ് നമ്മുടേത്. സ്ഥിരമായി ആന്റിബയോട്ടിക്ക് കഴിക്കുമ്പോൾ ആന്റിബയോട്ടിക്ക് എതിരായ ഒരു പ്രതിരോധശേഷി നമ്മുടെ ശരീരം ആർജ്ജിക്കും. അതിനെ AMR (Anti microbial resistance) എന്ന് പറയും. നമ്മുടെ ശരീരത്തിൽ AMR ഡെവലപ്പ് ചെയ്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ കഴിക്കുന്ന ആന്റിബയോട്ടികൾക്ക് യാതൊരുഫലവും ഉണ്ടാവുകയില്ല. നമ്മൾ രോഗങ്ങൾക്ക് വളരെ പെട്ടെന്ന് കീഴ് പെടും.
കേരളത്തിൽ ആന്റിബയോട്ടികളുടെ ദുരുപയോഗത്തിനെതിരെ ശക്തമായ നടപടികൾ ആരോഗ്യ വകുപ്പ് എടുത്തു തുടങ്ങി. 2023 മുതൽ ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ ആന്റിബയോട്ടിക്സ് ലഭിക്കുകയില്ല. പ്രിസ്ക്രിപ്ഷൻ കൂടാതെ ആന്റിബയോട്ടിക്ക് കടകളിൽ നിന്നും മേടിക്കുന്നതിനെയാണ് OTC സെയിൽ എന്നു വിളിക്കുന്നത്, Over the counter sale.
കൂടാതെ കേരളത്തിൽ ആന്റിബയോട്ടിക്സ് കൊടുക്കേണ്ടത് നീല കവറുകളിലും ആണ്. ഇത്തരം നടപടികളുടെ ഫലങ്ങൾ കണ്ടു തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിലെ ആന്റിബയോട്ടികളുടെ കച്ചവടത്തിൽ ആയിരം കോടി രൂപയുടെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. അപ്പോൾ നാം എത്ര കോടി രൂപയുടെ മരുന്നാണ് കഴിച്ചു തീർക്കുന്നത്. Just imagine. പലപ്പോഴും ഡോക്ടർമാരെ കൊണ്ട് ആന്റിബയോട്ടിക്സ് കുറിപ്പിക്കുവാൻ നമുക്ക് വലിയ ഉത്സാഹമാണ്. ഇനി ആ ഉത്സാഹം ഒന്നു കുറയ്ക്കുന്നത് നന്നായിരിക്കും. ഡോക്ടർമാരും ശ്രദ്ധിക്കുക കഴിവതും ആന്റിബയോട്ടിക്സ് കുറിക്കാതിരിക്കുക’.
ഇത് സംബന്ധിച്ച് പലർക്കും അത്ര അറിവില്ല എന്നതാണ് സത്യം. ഇംഗ്ലീഷ് മരുന്നുകളുടെ അമിതോപയോഗത്തിൻ്റെ ദൂഷ്യവശങ്ങളും ഈ കുറിപ്പിൽ വരച്ചു കാട്ടുന്നു. ഒന്ന് വായിച്ചാൽ മനസ്സിലാകും ഈ പറഞ്ഞിരിക്കുന്നത് നൂറ് ശതമാനം സത്യമാണെന്ന്. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ട ഒരു കാര്യമെന്ന് പറഞ്ഞാൽ മിന്നുന്നതെല്ലം പൊന്നല്ല എന്നതാണ്. അതാണ് പച്ചയായ യാഥാർത്ഥ്യം.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്സ് കഴിക്കുന്നത് അപകടകരമാണ്. ചെറിയ അസുഖങ്ങൾക്ക് ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക. ഇതുപോലെയുള്ള സത്യങ്ങൾ കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ഈ ലേഖനം പങ്കിടാൻ മടിക്കേണ്ട.
#antibioticresistance #OTC #Kerala #healthcare #pharmaceuticals #publichealth