Health Status | ഉമാ തോമസിന്റെ ആരോഗ്യനില തൃപ്തികരം; വെന്റിലേറ്ററില്‍ നിന്നും മാറ്റി
● തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരും.
● കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ പൂര്‍ണമായും തരണം ചെയ്യപ്പെട്ടിട്ടില്ല.
കൊച്ചി: (KVARTHA) കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉമാ തോമസ് മക്കളോടും ഡോക്ടര്‍മാരോടും സംസാരിച്ചു. അപകടം നടന്ന് ആറ് ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റുന്നത്.
അതേസമയം കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തത്തില്‍ ടിക്കറ്റ് വിറ്റ ബുക്ക് മൈ ഷോ ആപിനോട് കോര്‍പറേഷന്‍ വിവരങ്ങള്‍ തേടി. വിറ്റ ടിക്കറ്റുകളുടെ എണ്ണം, വില എന്നിവയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ബുക് മൈ ഷോ ആപ്പിന് ഇന്ന് നോട്ടീസും നല്‍കും. വിനോദനികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ്. മൃദംഗ വിഷനും ടിക്കറ്റ് വില്‍പന സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കണം.
അതിനിടെ, നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഒന്നാം പ്രതി നിഘോഷ് കുമാര്‍, രണ്ടാം പ്രതി നിഘോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
#UmaThomas, #HealthUpdate, #KeralaNews, #AccidentRecovery, #VentilatorUpdate, #MedicalNews