Health Crisis | കോളറ: ചികിത്സയില്‍ കഴിയുന്നത് 10 പേര്‍; 209 പേര്‍ നിരീക്ഷണത്തില്‍, 3 പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് വച്ച് യാത്ര തടഞ്ഞിട്ടുണ്ട്.
കോളറ ബാധിച്ച് യുവതി മരിച്ച നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ, ട്രൈബല്‍ വകുപ്പ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
വയനാട്: (KVARTHA) ജില്ലയില്‍ യുവതി കോളറ ബാധിച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 209 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. 159 പേര്‍ മരിച്ച യുവതിയുമായി സമ്പര്‍ക്കത്തിലുള്ളവരാണ്. നിലവില്‍ പത്തു പേര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ അതിസാരം പിടിപെട്ട് ചികിത്സയില്‍ കഴിയുന്നു. ഇതില്‍ ഒരാള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. മൂന്നു പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. യുവതിയുടെ മരണാനന്തര ചടങ്ങളുകള്‍ക്കായി എത്തിയവരാണ് ഇവരെല്ലാം.
ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളറ ബാധിച്ച സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് വച്ച് യാത്ര തടഞ്ഞിട്ടുണ്ട്.
കോളറ ബാധിച്ച് യുവതി മരിച്ച ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ, ട്രൈബല്‍ വകുപ്പ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്തിലെ ഉന്നതികളില്‍ കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശുചീകരിച്ചു. കഴിഞ്ഞദിവസം പഞ്ചായത്ത് സര്‍വകക്ഷി യോഗവും വിളിച്ചിരുന്നു. പുറമെ വ്യാപാരികളുടെയും ട്രൈബര്‍ പ്രമോട്ടര്‍മാരുടെയും അടിയന്തര യോഗവും ചേര്‍ന്നു.
പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലുമടക്കം എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ വ്യാപാരികളെ യൂണിറ്റ് അടിസ്ഥാനത്തില്‍ വിളിച്ച് ബോധവല്‍ക്കരണം നടത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മൈക്ക് അനൗണ്‍സ്മെന്റും ലഘുലേഖ വിതരണവും നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
#cholera #outbreak #Wayanad #Kerala #publichealth #healthalert