Tongue | നാവില്‍ ഉണ്ടാകുന്ന ഈ ചെറിയ മാറ്റങ്ങള്‍ പോലും അവഗണിക്കരുത്! മാരക രോഗങ്ങളുടെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍
ചില ലക്ഷണങ്ങള്‍ വിറ്റാമിന്‍ കുറവുകള്‍, അണുബാധകള്‍ അല്ലെങ്കില്‍ കാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ന്യൂഡൽഹി: (KVARTHA) ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ശരീരം നമുക്ക് സൂചനകള്‍ നല്‍കാറുണ്ട്. വിവിധ ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ചില മാറ്റങ്ങളിലൂടെയാകും മാരകമായ ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുത്തുടങ്ങുന്നത്. ഉദാഹരണത്തിന് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ കൈകളിലും കാലുകളിലും കാണാവുന്നതാണ്, കരള്‍ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. അതുപോലെ, നമ്മുടെ നാവും നിരവധി ആരോഗ്യാവസ്ഥകളുടെ സൂചനകള്‍ നല്‍കാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ നാവ് പ്രത്യേകമാണ്, അതുകൊണ്ട് തന്നെ നാവിലുണ്ടാകുന്ന ചെറിയ അസാധാരണത്വം പോലും കണക്കിലെടുക്കണം. ഇപ്പോഴിതാ ടിക് ടോക്കിലെ 'തെലോണ്ടൊന്‍ഡെന്റിസ്റ്റ്' എന്നറിയപ്പെടുന്ന ഡോ വികാസ് പ്രിന്‍ജ, നാവിന് ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്ന് പങ്കുവച്ചിരിക്കുകയാണ്. നാവില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ വിറ്റാമിന്‍ കുറവുകള്‍, അണുബാധകള്‍ അല്ലെങ്കില്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുമെന്ന് അദ്ദേഹം പറയുന്നു. നാവിന്റെ സാധാരണ അവസ്ഥ ഏതാണെന്ന് മനസ്സിലാക്കിയാല്‍ കഴിഞ്ഞാല്‍ തന്നെ എന്തെല്ലാമാണ് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സൂക്ഷ്മമായ ലക്ഷണങ്ങള്‍ എന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇനി നാവ് എങ്ങനെയാണ് ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതെന്ന് നോക്കാം.
നാവിലെ വെളുത്ത പാടുകള്‍
വായില്‍ ക്രീം നിറത്തിലുള്ള വെളുത്ത പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ദന്തരോഗവിദഗ്ദ്ധനെയോ ഡോക്ടറെയോ സന്ദര്‍ശിക്കുന്നത് പരിഗണിക്കണം. കാരണം ഇത് ലാസി വൈറ്റ് പാച്ചുകള്‍ ലൈക്കണ്‍ പ്ലാനസിന്റെ ലക്ഷണമാകാം, രോഗപ്രതിരോധ സംവിധാനം വായിലെ ടിഷ്യുവിനെ ആക്രമിക്കുന്ന അവസ്ഥയാണിത്. കാലക്രമേണ ഇത് വായില്‍ ക്യാന്‍സറായി വികസിച്ചേക്കാവുന്ന ല്യൂക്കോപ്ലാക്കിയയുടെ ലക്ഷണമാകാം.
കടും ചുവപ്പ് അല്ലെങ്കില്‍ 'സ്‌ട്രോബെറി' നാവ്
നാവിലെ ചുവപ്പും ചെറിയ കുരുക്കളും മൂലം ഉണ്ടാകുന്ന 'സ്‌ട്രോബെറി' നാവ് കവാസാക്കി രോഗത്തിന്റെ ലക്ഷണമാകാം, ഇത് സാധാരണയായി കുട്ടികളില്‍ സംഭവിക്കുന്ന ഗുരുതരവും അപൂര്‍വവുമായ രോഗമാണ്, ഇത് രക്തക്കുഴലുകളുടെ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് ഡോക്ടര്‍ പ്രിഞ്ജ പറയുന്നത്. മാത്രമല്ല ഇത് സ്‌കാര്‍ലറ്റ് പനിയുടെ ലക്ഷണവുമാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, നാവ് മിനുസമാര്‍ന്നതും ചുവപ്പുനിറമുള്ളതുമായി കാണുകയാണെങ്കില്‍, വായിലെ വേദനയ്ക്കൊപ്പം, അത് വിറ്റാമിന്‍ ബി 3 യുടെ കുറവിന്റെ ലക്ഷണമാകാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നാവിലെ കറുത്ത രോമങ്ങള്‍ അഥവാ മുടി
ചിലരില്‍ നാവിന് മുകളില്‍ കറുത്ത രോമങ്ങള്‍ പോലെയുള്ള ഒരു പദാര്‍ത്ഥം ഉണ്ടാകാറുണ്ട്. വായുടെ ശുചിത്വക്കുറവ്, പുകവലി, മദ്യപാനം, ഭക്ഷണ പാനീയങ്ങളില്‍ നിന്നുള്ള കറ, ക്ലോര്‍ഹെക്സിഡൈന്‍ മൗത്ത് വാഷ് എന്നിവ മൂലമാകാം ഈ അവസ്ഥ ഉണ്ടാകുന്നത്.
മിനുസമുള്ള നാവ്
വായ്ക്ക് തിളങ്ങുന്ന ഘടനയുണ്ടെന്ന് തോന്നുന്നുവെങ്കില്‍, അത് പോഷകങ്ങളുടെ അഭാവത്തിന്റെ ലക്ഷണമാകാം. ഇരുമ്പ്, ഫോളിക് ആസിഡ്, ബി വിറ്റാമിനുകള്‍ എന്നിവയുടെ അഭാവം അണുബാധകള്‍, സീലിയാക് രോഗം, ചില മരുന്നുകള്‍ എന്നിവ മിനുസമുള്ള നാവിന് കാരണമാകാം.
മാക്രോഗ്ലോസിയ
ഇത് സാധാരണയായി മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികളെ ബാധിക്കുന്ന ഒരു അപൂര്‍വ അവസ്ഥയാണ്. വായയെ സംബന്ധിച്ച് നാവിന് വലുപ്പം വയ്ക്കുന്നതാണ് മാക്രോഗ്ലോസിയ. നാവിന്റെ വശങ്ങളിലെ പല്ലുകള്‍ കൊണ്ട് ഇത് തിരിച്ചറിയാം. അണുബാധ, അലര്‍ജി അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം എന്നിവയാണ് ഇതിന്റെ കാരണങ്ങള്‍.
നാവിലെ മുഴകള്‍
നാക്കിന്റെ അടിഭാഗത്ത് ചെറിയ ചുവന്ന വ്രണങ്ങളുണ്ടാകാം. ഇവ വേദനാജനകമാണെങ്കിലും സ്വയം മാറാറുണ്ട്. എന്നാല്‍ നാവിന്റെ അറ്റത്ത് ഒരൊറ്റ വ്രണം മാത്രമാണെങ്കില്‍ അത് 'ലൈ ബമ്പ്' എന്ന് വിളിക്കപ്പെടുന്ന ഒന്നാണ്. നാവിലുണ്ടാകുന്ന അസ്വസ്ഥതയുടെയോ ചൊറിച്ചില്ലെന്റെയോ ഭാഗമായിരിക്കും ഇത്.
വിണ്ടുകീറിയ നാവ്
പ്രായമാകുമ്പോൾ നാക്കിൽ ആഴത്തിലുള്ള ചാലുകൾ ഉണ്ടാകാം. ഇത് സജ്രെൻസ് സിൻഡ്രോം അല്ലെങ്കിൽ സോറിയാസിസിന്റെ ലക്ഷണവുമാണ്. ഇവയൊന്നും അപകടകരമല്ലെങ്കിലും, ഈ അവസ്ഥയുണ്ടെങ്കിൽ ചാലുകൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബ്രഷ് ചെയ്യുമ്പോള്‍ സാവധാനത്തില്‍ തേച്ച് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഈ വിവരങ്ങൾ ഒരു ഡോക്ടറുടെ നിർദേശങ്ങൾക്ക് പകരമായി ഉപയോഗിക്കരുത്. നാവിലെ ഏതെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.