New Virus | എന്താണ് ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ അറിയാം
● ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി.
● 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
● ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യൂമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
സോളി കെ ജോസഫ്
(KVARTHA) ചൈനയിൽ ഇപ്പോൾ കോവിഡ് പോലെ തന്നെയുള്ള ഒരു പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം മെറ്റാപ്ന്യൂമോ എന്നു പേരായ ഈ പുതിയ വൈറസ് മൂലം ഒരുപാട് പേർ മരണപ്പെടുന്നതായും പറയുന്നു. അതുകൊണ്ട് ലോകം തന്നെ ഭീതിടെ മുൾമുനയിലാണ്.
ആശങ്കപ്പെടേണ്ടെന്ന് ലോകരാഷ്ട്രങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും കോവിഡ് -19 ലോകത്താകമാനം വിതച്ച ഭീതിയുടെ വിത്തുകൾ ഇന്നും ജനമനസ്സുകളിൽ നിന്ന് മാറിയിട്ടില്ലെന്നതും വിസ്മരിക്കാനാവുന്നതല്ല. എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? ഇത് സംബന്ധിച്ച് ഗവേഷകർ നടത്തിയ പഠനക്കുറിപ്പിലെ പ്രസക്തമായ കാര്യങ്ങളാണ് പങ്കുവെയ്ക്കുന്നത്.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യൂമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു.
5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. വടക്കൻ പ്രവിശ്യകളിൽ 14 വയസിന് താഴെയുള്ളവരിലാണ് രോഗം കൂടുതലായി കണ്ട് വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എങ്ങനെ തടയാം?
1. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.
2. കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക.
3. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക.
4. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ, ഡോർക്നോബുകൾ, കളിപ്പാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക.
എച്ച്എംപിവി എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതിനാൽ തന്നെ ജാഗ്രത ആവശ്യമാണ്. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുൻ കരുതൽ എടുക്കാൻ ശ്രദ്ധിക്കുമല്ലോ. ഈ ലേഖനം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കിട്ട് ബോധവത്കരണം നൽകാം.
#HumanMetapneumovirus, #ChinaVirus, #RespiratoryInfection, #HealthPrevention, #HMPV, #GlobalHealth