Healthy Eating | ചെറുധാന്യങ്ങൾ എന്തുകൊണ്ട് നിത്യഭക്ഷണമാക്കണം, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അറിയാം 

 
Nutritional Benefits of Millets
Nutritional Benefits of Millets

Representational Image Generated by Meta AI

● മില്ലറ്റ് ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ ഇന്ന് ഡിമാൻ്റ് ഏറുകയാണെന്ന് ആർത്ഥം. 
● 'ക്ഷാമകാലത്ത് ഇന്ത്യൻ ജനതയുടെ ജീവൻ രക്ഷിച്ച ബദൽ ധാന്യങ്ങളായിരുന്നു ചെറുധാന്യങ്ങൾ. 
● കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പോഷക സമൃദ്ധിയിൽ കേമൻമാരാണ് ചെറുധാന്യങ്ങൾ.

മിൻ്റാ മരിയാ തോമസ്

(KVARTHA) ഇന്ന് മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ ഉപയോഗിക്കുന്നരുടെ എണ്ണം കേരളത്തിൽ ഏറി വരുന്നതാണ് കാണുന്നത്. കാരണം, മറ്റൊന്നുമല്ല,  ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ രോഗമില്ലാത്ത ജീവിതത്തിന്  പോഷകങ്ങളുടെ കലവറയായ മില്ലറ്റുകൾ നിത്യഭക്ഷണമാക്കുക എന്നതാണ് കാരണം. കടകളിലും മില്ലറ്റ് ഉത്പ്പന്നങ്ങൾ ചോദിച്ചു വാങ്ങി കൊണ്ടുപോകുന്ന ധാരാളം ആളുകളെ ഇന്ന് കൂടുതലായി കാണാനും പറ്റും. മില്ലറ്റ് ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ ഇന്ന് ഡിമാൻ്റ് ഏറുകയാണെന്ന് ആർത്ഥം. ഈ അവസരത്തിൽ എസ്.കെ. ഷിനു ഇതിനെപ്പറ്റി എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പിൽ പറയുന്നത്: 'ക്ഷാമകാലത്ത് ഇന്ത്യൻ ജനതയുടെ ജീവൻ രക്ഷിച്ച ബദൽ ധാന്യങ്ങളായിരുന്നു ചെറുധാന്യങ്ങൾ. വളരെ കാലങ്ങളോളം പാവപ്പെട്ടവരുടെ ഭക്ഷണമായും, എന്നാൽ ഇപ്പോൾ സൂപ്പർ ഫുഡായി പഞ്ചനക്ഷത്ര ഭക്ഷണശാലകളിൽവരെ ഇടം പിടിച്ചിരിക്കുകയാണ്. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പോഷക സമൃദ്ധിയിൽ കേമൻമാരാണ് ചെറുധാന്യങ്ങൾ. ഗുണമേന്മ അറിയാതെ നമ്മൾ പടിക്കു പുറത്തു നിർത്തിയിരുന്ന ചെറുമണി ധാന്യങ്ങളെ ലോകം മുഴുവൻ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ്. 

നെല്ലിനേയും ഗോതമ്പിനേയും അപേക്ഷിച്ച് അഞ്ചിരട്ടി പ്രോട്ടീനുകളും , വൈറ്റമിനുകളും , ധാതുക്കളും ,ഭക്ഷ്യനാരുകളും , ചെറുധാന്യങ്ങളിലുണ്ട്. ലോകത്തിൻ്റെ പ്രമേഹ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഡയബറ്റീസിനെ ചെറുക്കുവാനും , ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം കാണുവാനും , മില്ലറ്റുകളുടെ ഉപയോഗംവഴി കഴിയുന്നതാണ്. 

മില്ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

മണ്ണിൽ  വിളയുന്ന ധാന്യങ്ങളുടെ പുറത്ത് കാണുന്ന ബീജ കവചമാണ് ഉമി. ഓരോ ധാന്യങ്ങളുടെയും , വലിപ്പവും, ജനിതകമായ ഘടനയും അനുസരിച്ച് ഉമിയുടെ അളവിൽ വ്യാത്യാസമുണ്ടാകാം. ധാന്യങ്ങളുടെ പുറംതോടിൽ കാണുന്ന കട്ടിയുള്ള ആവരണമായ ഉമി ദഹിക്കുവാൻ പ്രയാസകരമായ ഒരു ഘടകമാണ്. ഭക്ഷണാവശ്യത്തിനായി ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുമ്പോൾ ഉമി കളഞ്ഞ് മാത്രമേ ഭക്ഷിക്കുവാൻ കഴിയുകയുള്ളു. ചെറുധാന്യങ്ങളിൽ റാഗി, മണിച്ചോളം , കമ്പ് എന്നീ 3 ധാന്യങ്ങളുടെ പുറത്തെ ഉമി (husk) വളരെ നേർത്ത പാളിയാണ്. 

ആയതിനാൽ ഈ ധാന്യങ്ങൾ പ്രോസസ് ചെയ്യുവാൻ മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമാണ്. നമ്മുടെ വീടുകളിലെ ഉരലിലോ, അരകല്ലിലോ, മിക്സിയോ ഉപയോഗിച്ച് ഈ ധാന്യങ്ങൾ പൊടിച്ച്, പുട്ടിന് മാവ് അരിച്ചെടുക്കുന്ന അരിപ്പുപയോഗിച്ച് അരിച്ച് നേർത്ത ഉമിയുടെ പാളികൾ വേർപെടുത്തി ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാവുന്നതേയുള്ളു. റാഗി, കമ്പ്, മണിച്ചോളം എന്നീ ധാന്യമണികളുടെ പുറത്ത് വളരെനേർത്ത ആവരണത്തിൽ മാത്രമേ ഉമി കാണുകയുള്ളു ആയതിനാൽ ഈ മൂന്ന് ധാന്യങ്ങളേയും നഗ്ന ധാന്യങ്ങൾ എന്ന് വിളിക്കുന്നു.  

തിന, ചാമ, കുതിരവാലി , വരഗ്, പനിവരഗ്, മലഞ്ചാമ , എന്നീ ചെറുധാന്യങ്ങളുടെ പുറംതോട് കഠിനമാണ്. ഈ ധാന്യങ്ങളുടെ സംസ്ക്കരണം അത്ര എളുപ്പമല്ല. പണ്ടുകാലങ്ങളിൽ അരകല്ലിലും , ഉരകല്ലിലും ഈ പരുക്കൻ ധാന്യങ്ങൾ അരച്ച് മാവാക്കിയെടുക്കും എങ്കിലും ഇന്ന് അത്ര എളുപ്പവുമല്ല.  ചെറുധാന്യകൃഷി കേരളത്തിൽ പിന്നോട്ടു പോകുവാനുള്ള പ്രധാന കാരണം ചെറുമണി ധാന്യങ്ങളുടെ ഉമി കളയുന്ന മില്ലുകളുടെ അഭാവമാണ്. ചാമയും, തിനയും, കുതിരവാലിയും, മലഞ്ചാമയും, വരക്കും, പനിവരക്കുമൊക്കെ കൃഷി ചെയ്യുവാൻ കർഷകർ മടിക്കുന്നതിനുള്ള പ്രധാന കാരണവും മില്ലുകളുടെ അഭാവമാണ്. 

ഇന്ന് വിപണിയിൽ 3 തരത്തിലുള്ള ചെറു ധാന്യ അരികൾ ലഭിക്കുന്നു. 1. അൺ പോളിഷ്ഡ് റൈസ് ( തവിട് കളയാത്തത് ) 2. സെമി പോളിഷ്ഡ് റൈസ് (പകുതി തവിട് കളഞ്ഞത്) 3. പോളിഷ്ഡ് റൈസ്. (തവിട് നീക്കിയത് ) ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല അരി എന്നത് തവിട് കളയാത്ത (അൺ പോളിഷ്ഡ്) അരിയാണ്. കാണാൻ ഭംഗി കുറവാണേലും പോഷണത്തിൽ കേമൻ തവിടുള്ള അരിയാണ്. തവിടിൽ ധാരാളം വൈറ്റമിൻസും, ഭക്ഷ്യനാരുകളും സുലഭമായി അടങ്ങിയിട്ടുണ്ട്. ആയതിനാൽ ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുമ്പോൾ ഉമി പൂർണ്ണമായി കളയുകയും, എന്നാൽ തവിടിന്റെ സ്വാഭാവിക തനിമയിൽ ഒരു തരത്തിലുള്ള കോട്ടവും സംഭവിക്കുവാൻ പാടുള്ളതല്ല. 

ഒന്നിലധികം മില്ലറ്റുകളെ ഒന്നിച്ച് പൊടിച്ചോ, മറ്റേതെങ്കിലും ധാന്യങ്ങളോട് കൂട്ടിച്ചേർത്തോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. മില്ലറ്റ് ഭക്ഷണക്രമത്തിലൂടെ ആരോഗ്യദായകമായ അവസ്ഥ ചിട്ടപ്പെടുത്തിയെടുക്കണമെങ്കിൽ ഓരോ ചെറുധാന്യങ്ങളും പ്രത്യേകം, പ്രത്യേകം വ്യത്യസ്ഥമായ ദിവസങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം. മത്സ്യ മാംസാദികൾ ചെറുധാന്യ ഭക്ഷണങ്ങളോടൊപ്പം ഉപയോഗിക്കരുത്. വിവിധയിനം ചീരകൾ, ഇലക്കറികൾ, പയറുവർഗ്ഗവിളകൾ, കിഴങ്ങുകൾ , തേൻ, ശുദ്ധമായ ശർക്കര , കൽക്കണ്ട് , കരിപ്പട്ടി , ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയോടൊപ്പം ചെറുധാന്യങ്ങൾ ഉപയോഗിക്കാം. 

ചെറുധാന്യങ്ങൾ പ്രോസസ് ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് അതിലെ ഫൈറ്റിക്ക് ആസിഡ് പൂർണ്ണമായി കളഞ്ഞ ശേഷം മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കുവാൻ പാടുള്ളു. മൺപാത്രങ്ങളിലോ, വെങ്കലപാത്രങ്ങളിലോ, സ്‌റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ, മാത്രം പാകം ചെയ്യുക. അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല'.

രോഗമില്ലാത്ത ജീവിതത്തിന്  പോഷകങ്ങളുടെ കലവറയായ മില്ലറ്റുകൾ നിത്യഭക്ഷണമാക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. പറ്റുമെങ്കിൽ വീടുകളിൽ മില്ലറ്റ് കൃഷി ആരംഭിക്കുന്നതും നല്ലത് ആയിരിക്കും. ഒരു ദോഷവും ഉണ്ടാകാതെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും ഉപയോഗിക്കാം എന്നതാണ് മില്ലറ്റ് പ്രോഡക്റ്റുകളുടെ പ്രത്യേകത. ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ.

#Millets #HealthyEating #LifestyleDiseases #NutritiousFood #MilletsInDiet #HealthyLiving

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia