Accident | പുല്ലുപാറ അപകടം: ദുരന്തത്തിന് കാരണമായത് ബ്രേക്ക് തകരാർ; അപകടത്തിൽപ്പെട്ടത് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തീർഥാടനത്തിന് പോയവർ; മന്ത്രിമാർ സ്ഥലത്തെത്തി
● മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് പോയ സംഘം തിരികെ വരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്.
● 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഒരു മരത്തിൽ തട്ടി നിന്നതിനാലാണ് കൂടുതൽ ദുരന്തം ഒഴിവായത്.
● കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത്.
● 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലാണ്
ഇടുക്കി: (KVARTHA) പുല്ലുപാറയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് വഴിവെച്ചത് ബ്രേക്ക് തകരാറെന്ന് കണ്ടെത്തൽ. അപകടത്തിൽ മാവേലിക്കര സ്വദേശികളായ രമ മോഹൻ (51), അരുൺ ഹരി (40), സംഗീത് (45), ബിന്ദു ഉണ്ണിത്താൻ (59) എന്നിവരാണ് ദാരുണമായി മരണമടഞ്ഞത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.
മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് പോയ സംഘം തിരികെ വരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്. ബസിൽ 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ഉണ്ടായിരുന്നത്. 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഒരു മരത്തിൽ തട്ടി നിന്നതിനാലാണ് കൂടുതൽ ദുരന്തം ഒഴിവായത്.
വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അപകടത്തിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡ്രൈവർ ഇത് ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ നിർദേശിക്കുകയും ചെയ്തു. അതിനു പിന്നാലെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റബർ മരങ്ങളിൽ തട്ടി ബസ് നിൽക്കുകയായിരുന്നു. എന്നാൽ, ബസിനടിയിൽപ്പെട്ട നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കരയിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത്. ഏകദേശം നാൽപത് അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലാണ്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, സഹകരണ മന്ത്രി വി എൻ വാസവൻ, ജില്ലാ കലക്ടർ വി വിഗ്നേശ്വരി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കൊളുത്തിങ്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെടി ബിനു എന്നിവർ ആശുപത്രി സന്ദർശിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും സന്ദർശിച്ചു. യാത്രക്കാരുടെ വിവരങ്ങൾ അറിയണമെന്നുള്ള ബന്ധുക്കൾക്ക് 9447659645, 9645947727 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപകടത്തിൽപ്പെട്ട യാത്രക്കാർ
ഐആർ രാജീവ്കുമാർ, ഡിക്സൺ, മോഹനൻ നായർ, രമ്യ, പൊന്നൂന്നി പിള്ള, ഗിരിജ, ശ്രീകല, ജയലക്ഷ്മി, ഇന്ദിര, ജി കെ ഉണ്ണിത്താൻ, ഉഷ, രാധാകൃഷ്ണൻ, വാസുദേവൻ പിള്ള, ഗീത, രാജലക്ഷ്മി, രാജേന്ദ്രൻ, ഉഷ, ശ്രീകുമാരി, ശാന്ത, ഷിബു, ഗീത, മണി, അരുൺ, റാണി, ജയപ്രകാശ്, രാജൻ, ഹരിത, മല്ലിക, അനി ശേഖർ, രാജശേഖരൻ, രാജേഷ്, കൃഷ്ണകുമാർ, രാധ.
#KeralaNews, #KSRTC, #AccidentNews, #IdukkiTragedy, #BrakeFailure, #Pullupara