Temple Fest | മഴയുടെ അനുഗ്രഹ വര്‍ഷത്തില്‍ കൊട്ടിയൂരില്‍ ഉത്സവ പെരുക്കം: സ്ത്രീ പ്രവേശനം നടന്നു

 


ഭാമനാവത്ത്‌


കണ്ണൂര്‍: (KVARTHA)
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നതോടെ സ്ത്രീകള്‍ക്ക് ആചാര പ്രകാരമുള്ള പ്രവേശന അനുമതി ലഭിച്ചു.

മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നാണ് ബുധനാഴ്ച രാത്രി ഭണ്ഡാരവുമേന്തി കുടിപതികള്‍ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പാത്രങ്ങളും മറ്റുമാണ് ഭണ്ഡാരങ്ങള്‍.

Temple Fest | മഴയുടെ അനുഗ്രഹ വര്‍ഷത്തില്‍ കൊട്ടിയൂരില്‍ ഉത്സവ പെരുക്കം: സ്ത്രീ പ്രവേശനം നടന്നു

ഭഗവതി കരിമ്പന ഗോപുര വാതില്‍ക്കല്‍ എത്തി ശംഖധ്വനി മുഴക്കി താക്കോല്‍ കൊടുത്ത് അനുവാദം നല്‍കിയതിനുശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേര്‍ന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങള്‍ പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തില്‍ കണക്കപ്പിള്ളയെ ഏല്‍പ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങള്‍ കുടിപതികളെ ഏല്‍പ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരില്‍ വാണരുളുന്ന ഉമാ മഹേശ്വരന്മാരും ഭണ്ഡാരങ്ങള്‍ക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. 

ഭക്തഗണങ്ങളെന്ന സങ്കല്‍പ്പത്തില്‍ വാദ്യ വൃന്ദങ്ങളോടൊപ്പം എഴുന്നള്ളിയ ദേവീ ദേവന്‍മാര്‍ ബാവലിയില്‍ നീരാടി അക്കരെയിലേക്ക് കടക്കുമ്പോള്‍ പാണിവാദ്യവുമായി ഓച്ചര്‍മാര്‍ അകമ്പടി സേവിച്ചു. മുന്നില്‍ സമുദായി, പിന്നില്‍ വിവിധ അകമ്പടിക്കാര്‍, പിറകില്‍ ദേവീ ദേവന്‍മാര്‍ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തില്‍ എത്തി മണിത്തറയില്‍ ഉപവിഷ്ടരായി.

മുതിരേതി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും അക്കരെ ഭണ്ഡാര അറയിലാണ് എത്തിച്ചത്. ഇതോടെ സമുദായി കുത്ത് വിളക്കില്‍ നിന്ന് കയ്യാലകളിലേക്ക് ദീപം പകര്‍ന്നു. ആദ്യ ചടങ്ങായ സഹസ്ര കുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് 36 കുടം അഭിഷേകവും നടന്നു.

അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കല്‍ തറയിലും മുത്തപ്പന്‍ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകള്‍ സ്ഥാനികനായ പെരുംകണിയാന്‍ കരിയില്‍ ബാബുവിന്റെ നേതൃത്വത്തില്‍ കാല്‍നടയായി ബുധനാഴ്ച ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചിരുന്നു. ഇതും ഭണ്ഡാരം എഴുന്നള്ളിപ്പിനൊപ്പം അക്കരെ സന്നിധിയില്‍ എത്തിച്ചു. ഊരാളന്മാര്‍ക്കും അടിയന്തിരക്കാര്‍ക്കും ഉപയോഗിക്കുന്നതിനുള്ള തലക്കുടയും കാല്‍ക്കുകളും ഇവയോടൊപ്പം എത്തിച്ചു.

ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധിയില്‍ എത്തിയതോടെ സ്ത്രീകള്‍ക്കും അക്കരെ സന്നിധിയില്‍ പ്രവേശനം അനുവദിച്ചു. ഇതിനുശേഷം ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങായ തിരുവോണം ആരാധനയും ഇളനീര്‍ വെപ്പും നടന്നു. പ്രകൃതിയുടെ ഉത്സവമെന്ന് അറിയപ്പെടുന്ന കൊട്ടിയൂരില്‍ ഇക്കുറി വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

Keywords: In the auspicious year of rains, festival celebrations at Kotiyoor: entry of women took place, Kannur, News, Kotiyoor Festival, Temple, Religion, Women, Devotee, Pooja, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia