Security Drill | പ്രധാനമന്ത്രി കണ്ണൂരിലെത്തും? അഭ്യൂഹത്തിനിടെ സുരക്ഷാ ഒരുക്കങ്ങൾ ഊർജിതമാക്കി മോക്ഡ്രിൽ


● സുരക്ഷാ സേനയുടെയും പൊലീസിന്റെയും യോഗം ചേർന്ന്
● തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
● പ്രധാനമന്ത്രിയുടെ സന്ദർശനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂർ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നു. എന്നാൽ പൊലീസോ ആഭ്യന്തര വകുപ്പോ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദർശിക്കുമെന്ന പ്രചാരണങ്ങൾക്കിടെ ദേശീയ സുരക്ഷാസേനയുടെ മോക്ഡ്രില്ലും സംസ്ഥാന സുരക്ഷാ മേധാവികളുടെ യോഗവും നടന്നു. പ്രധാനമന്ത്രിയുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായ സുരക്ഷ വിലയിരുത്തുന്നതിനായാണ് ഉന്നത പൊലീസ്, വിവിധ വകുപ്പ് മേധാവികളുടെ യോഗം നടന്നത് എന്നാണ് സൂചന.
ബുധനാഴ്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലായിരുന്നു യോഗം. കണ്ണൂർ റൂറൽ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാൾ, രഹസ്യാന്വേഷണവിഭാഗം പൊലീസ് സൂപ്രണ്ട് സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിൽ ഉൾപ്പെടെയുള്ള പൊലീസ് ഓഫിസർമാരും, ഫയർഫോഴ്‌സ്, വനം, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങൾ പരിശോധിച്ചു.
തുടർന്ന് സംഘം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചു. കഴിഞ്ഞ ദിവസംഅർധരാത്രി മുതൽ പുലർച്ചെ നാലുവരെ ചെന്നൈ എൻഎസ്ജി സംഘമാണ് മോക് ഡ്രിൽ നടത്തിയത്. ഇതിൻ്റെ തലേ ദിവസം രാത്രി 11 മണിയോടെ എത്തിയ ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനി ക്ഷേത്രത്തിലും, തീവ്രവാദികളെ പിടികൂടുന്നതിന്റെ മോക്‌ഡ്രില്ലാണ് നടത്തിയത്. പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് പരിശീലനം നടത്തിയത്.
സിനിമാ നിർമിതാവും പ്രവാസി വ്യവസായിയുമായ മൊട്ടമ്മൽ രാജൻ നിർമിച്ച് രാജരാജേശ്വര ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. എന്നാൽ രാജരാജേശ്വരി ക്ഷേത്രത്തിൻ്റെ ഭരണം നിയന്ത്രിക്കുന്ന ടി.ടി.കെ ദേവസ്വം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ചു ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയെ കണ്ണൂരിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നു മാത്രമാണ് ഇവരുടെ പ്രതികരണം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Speculations are growing about Prime Minister Modi's visit to Kannur, particularly to Taliparamba temple. Security preparations have been stepped up, including mock drills by National Security Guard.
#PrimeMinisterVisit, #KannurNews, #MockDrill, #SecurityPreparations, #ThaliparambaTemple, #KeralaNews