Verdict | കാസര്‍കോട്ടെ സി എ മുഹമ്മദ് ഹാജി കൊലപാതകക്കേസ്; നാല് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്; ഒരുലക്ഷം രൂപ പിഴ
ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്
ഒരു വര്‍ഗീയ കൊലക്കേസ് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് 30 വര്‍ഷത്തിന് ശേഷം
കാസര്‍കോട്: (KVARTHA) സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ നാല് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ നടപടി. 2008 ഏപ്രില്‍ 18ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ മുഹമ്മദ് ഹാജിയുടെ കൊലപാതകം നടന്നത്.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവന്‍ (40), കെ അജിത് കുമാര്‍ എന്ന അജ്ജു (35), കെ ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (39) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
2008ല്‍ കാസര്‍കോട് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നാല് പേരാണ് തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം മറ്റ് നിരവധി വര്‍ഗീയ കൊലപാതക കേസുകളും കാസര്‍കോട് നടന്നിരുന്നു. ആകെ 11 കേസുകളില്‍ ഒമ്പത് കേസുകളിലെ പ്രതികളെയും കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെറുതെ വിട്ടിരുന്നു. ഇത് വലിയ വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് 30 വര്‍ഷത്തിനുശേഷം സി എ മുഹമ്മദ് ഹാജി വധക്കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്.
ഈ കേസില്‍ സര്‍കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂടര്‍ അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. കെ പി പ്രദീപ് കുമാര്‍ എന്നിവരാണ് വാദി ഭാഗത്തിന് വേണ്ടി ഹാജരായത്. കേസില്‍ നിര്‍ണായകമായത് ദൃക് സാക്ഷിയായ, കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകന്‍ ശിഹാബ്, വഴി യാത്രക്കാരന്‍ എന്നിവരുടെ മൊഴികള്‍. കേസിന്റെ തുടക്കത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നത്. ഗവര്‍ണറായി നിയമിതനായശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്.
അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാജി 2008 ഏപ്രില്‍ 18ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മകന്‍ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിള്‍ റോഡിലൂടെ ജുമുഅ നിസ്‌കാരത്തിന് പോകുമ്പോള്‍ ചാടിവീണ നാല് പ്രതികളില്‍ രണ്ടുപേര്‍ മുഹമ്മദിന്റെ കയ്യില്‍ കടന്നുപിടിക്കുകയും, രണ്ടുപേര്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
അന്ന് വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എ എസ് പി പി ബാലകൃഷ്ണന്‍ നായരാണ് ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 30 വര്‍ഷത്തിന് ശേഷം ഒരു വര്‍ഗീയ കൊലക്കേസ് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞുവെന്നത് അന്വേഷണം നടത്തിയ പി ബാലകൃഷ്ണന്‍ നായരുടെ ഒദ്യോഗിക സ്ഥാനത്തിന് ലഭിച്ച ഏറ്റവും വലിയ അഗീകാരമാണ്.
ഇതിന് മുമ്പ് നടന്ന പല കൊലക്കേസുകളിലും അന്വേഷണങ്ങളിലെ വീഴ്ചയും നിയമത്തിലെ പഴുതും ഉപയോഗിച്ചാണ് പ്രതികള്‍ നിയമത്തിന് മുന്നില്‍ നിന്നും ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നതാണ് കാസര്‍കോട് ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. ഈ കേസില്‍ വാദി ഭാഗവും സര്‍കാരും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് സി എ മുഹമ്മദ് ഹാജി വധക്കേസില്‍ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.
#Kasaragod, #KeralaCourt, #JusticeDelivered, #LifeSentence, #MuhammadHajiCase, #2008Murder