Incident | പരവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ തീയും പുകയും; ആശങ്കയുണര്‍ത്തി നിമിഷങ്ങള്‍
● 31 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.
● വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍.
● ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.
കൊല്ലം: (KVARTHA) വിദ്യാര്‍ഥികളുമായി പോവുകായിരുന്ന സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. പരവൂരിലാണ് (Paravoor) ഞെട്ടിക്കുന്ന സംഭവം. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തീയും പുക ഉയര്‍ന്നത് നിമിഷങ്ങളോളം ആശങ്കയുണര്‍ത്തി.
പരവൂര്‍-തെക്കുംഭാഗം റോഡില്‍ തെക്കുംഭാഗം ബീച്ചിനു സമീപത്തുവച്ചാണ് സംഭവം. 31 കുട്ടികളാണ് ഈ സമയം ബസില്‍ ഉണ്ടായിരുന്നത്. മീയണ്ണൂര്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിന്റെ ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
ബസിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ ഉടന്‍തന്നെ വിദ്യാര്‍ഥികളെ വാഹനത്തില്‍നിന്നും ഇറക്കി. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ബസ് ജീവനക്കാരോടൊപ്പം സമീപത്തെ വീട്ടുകാരും ബക്കറ്റില്‍ വെള്ളം എത്തിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. പിന്നാലെ പരവൂര്‍ ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണക്കുകയായിരുന്നു.
സ്‌കൂൾ ബസുകളുടെ പതിവ് പരിശോധന നടത്തുന്നതും അഗ്നിശമന ഉപകരണങ്ങൾ ബസുകളിൽ നിർബന്ധമാക്കുന്നതും ഡ്രൈവർമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് പരിശീലനം നൽകുന്നതും സുരക്ഷാ നടപടികളായി സ്വീകരിക്കുന്നത് ഇത്തരം അടിയന്തരഘട്ടങ്ങളില്‍ ഉപകാരപ്രദമായിരിക്കും.
#schoolbusfire #Paravoor #Kerala #accident #studentsafety #emergencyresponse