Reaction | കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ; പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാരിയര്‍
കോഴിക്കോട്: (KVARTHA) മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് മഞ്ജു വാരിയര്‍. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും താരം പറഞ്ഞു. താമരശേരിയില്‍ മൊബൈല്‍ ഷോ റൂം
ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. നടന്‍ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മഞ്ജുവിന്റെ പരസ്യ പ്രതികരണം. 'ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാള സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും, ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല' - എന്നും മഞ്ജു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വിവാദങ്ങള്‍ക്കിടെ ഫൂട്ടേജ് സിനിമയുടെ ലൊക്കേഷനില്‍ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജുവിനും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അഞ്ചേമുക്കാല്‍ കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.
ചിത്രീകരണത്തിനിടെ വീണ് ഗുരുതരമായി പരുക്കേറ്റുവെന്നും അധികനേരം നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ഇരുന്ന് ചെയ്യാവുന്ന ജോലി മാത്രമേ ചെയ്യാന്‍ പറ്റുന്നുള്ളൂ, അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. ഇതിനോടകം ശസ്ത്രക്രിയകള്‍ കഴിഞ്ഞുവെന്നും ചികിത്സ ഇനിയും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും താരം പറഞ്ഞിരുന്നു.
തുടക്കത്തില്‍ ചികിത്സയ്ക്കാവശ്യമായ പണം നിര്‍മാതാക്കള്‍ നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇതേകുറിച്ച് ഒരു കാര്യവും സംസാരിക്കുന്നില്ലെന്നാണ് ശീതളിന്റെ ആരോപണം.
#ManjuWarrier #MalayalamCinema #HemaCommittee #Controversy #TovinoThomas #SheetalThampi