Accident | നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ബസ് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ ഒരു കാറിലേക്കും ഇടിച്ചുകയറി
പാലക്കാട്: (KVARTHA) കൂറ്റനാട് ചാലിശ്ശേരി റോഡിൽ വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്ന വാഹനാപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്.
കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്, അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ ഒരു ദിശയിൽ മാത്രമായിരുന്നു ഗതാഗതം. ഈ സാഹചര്യത്തിൽ, റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് പിന്നിൽ നിന്നും വന്ന ബസ് ഇടിച്ചുകയറുകയായിരുന്നു.
ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മുന്നിലെ ഒരു കാറിലേക്കും ഇടിച്ചുകയറി. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാറിന്റെ പിൻഭാഗം തകർന്നെങ്കിലും കാർ യാത്രക്കാർക്ക് അപകടമൊന്നും പറ്റിയില്ല.
.