Controversy | എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്റെ അഭിപ്രായം മാത്രം; സര്‍ക്കാരിന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (KVARTHA) എഡിജിപി എം.ആര്‍.അജിത് കുമാറടക്കമുള്ളവര്‍ക്കെതിരെ നിലമ്പൂര്‍ എല്‍എല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞുവെന്ന് വ്യക്തമാക്കി മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്റെ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്നും ശിവന്‍കുട്ടി അറിയിച്ചു.
ക്രമസമാധാന ചുമതലയില്‍ എഡിജിപി അജിത് കുമാറിനെ നിലനിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് പൊലീസ് മേധാവിയാണെങ്കിലും അന്വേഷണം നടത്തുന്നത് എഡിജിപി റാങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരാണ്.
അജിത് കുമാറിനെതിരായ തന്റെ ആരോപണങ്ങളില്‍ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കുന്നതില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പലിനെതിരായി അന്വേഷിക്കുന്നത് പ്യൂണായാരിക്കരുത് എന്നായിരുന്നു ഇതിനോടുള്ള അന്‍വറിന്റെ പ്രതികരണം.
എന്നാല്‍ അന്വേഷണം ഇതുപോലെ തന്നെ തുടരുമെന്നാണ് ഇപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിയും വ്യക്തമാക്കിയിരിക്കുന്നത്. 'അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. എഡിജിപിക്കെതിരായി വന്നിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണം വരട്ടെ എന്നിട്ട് തീരുമാനിക്കാം'- എന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്.
#KeralaPolitics, #Anvar, #Sivankutty, #ADGPInvestigation, #GovernmentResponse, #PoliceInquiry