Health Campaign | സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024; എല്ലാവരും പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്; സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു
ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന ഒരു കാലയളവാണിത്.
നമ്മുടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്.
ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്.
ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി
തിരുവനന്തപുരം: (KVARTHA) എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 (Stop diarrhea campaign) പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും ഇതിന്റെ അംബാസഡര്‍മാരാകണമെന്നും അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Health Minister Veena George). വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് (Health Department) തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇതിന് വളരെ പ്രസക്തിയുണ്ട്.
ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന ഒരു കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒആര്‍എസ് ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് ഓരോരുത്തരും എല്ലായ്‌പ്പോഴും പ്രത്യേകം ഓര്‍മിക്കേണ്ട കാര്യമാണ്. വയറിളക്കം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിര്‍ജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒആര്‍എസ് നല്‍കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജൂലൈ മാസം 29 നാണ് ലോക ഒആര്‍എസ് ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ആരോഗ്യ വകുപ്പ് വലിയൊരു ക്യാമ്പയിന് തുടക്കമിട്ടത്. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024. ഈ വലിയ ജനകീയ പ്രചാരണ പരിപാടിയിലൂടെ വയറിളക്ക രോഗങ്ങളുടെ രോഗപ്രതിരോധം, നിയന്ത്രണം അതോടൊപ്പം തന്നെ ബോധവല്‍ക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു കെ വിശിഷ്ടാതിഥിയായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി സ്വാഗതവും സ്റ്റേറ്റ് ഒആര്‍ടി ഓഫീസര്‍ ഡോ. ബിനോയ് എസ് ബാബു നന്ദിയും പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. ഷീജ എഎല്‍, ഡോ. അജിത വി, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവന്‍, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെഎന്‍ അജയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.