Visits | എല്ലാവരുടേയും സങ്കടങ്ങള്‍ കേട്ടു, കൂടെയുണ്ടാകുമെന്ന് ഉറപ്പ്, കുട്ടികളെ ചേര്‍ത്ത് പിടിച്ച് വിശേഷങ്ങള്‍ തിരക്കി; വീടുകള്‍ നിര്‍മിക്കാനടക്കം സഹായം നല്‍കുമെന്ന വാക്കു നല്‍കി മോദിയുടെ മടക്കം
കല്‍പ്പറ്റ: (KVARTHA) ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് മുന്നില്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. മേപ്പാടി ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച് വച്ച് ദുരിത ബാധിതര്‍. തനിക്ക് മുന്നില്‍ സങ്കടം തുറന്നുപറഞ്ഞ എല്ലാവരെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി കേന്ദ്രസര്‍കാര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കി.
#WATCH | Kerala: Prime Minister Narendra Modi visits the relief camp to meet and interact with the victims and survivors of the landslide in Wayanad.
— ANI (@ANI) August 10, 2024
(Source: DD News) pic.twitter.com/EK0GxrJuSp
ക്യാംപിലുണ്ടായിരുന്ന കുട്ടികളെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് വിശേഷങ്ങള്‍ തിരക്കി. അധികൃതരോട് വിവരങ്ങള്‍ ആരാഞ്ഞു. വീടുകള്‍ നിര്‍മിക്കാനടക്കമുള്ള സഹായം നല്‍കുമെന്ന വാക്കു നല്‍കിയാണ് പ്രധാനമന്ത്രി ക്യാംപില്‍നിന്ന് പോയത്.
'എല്ലാരും പോയി ചേട്ടത്തിയമ്മ, എളേച്ചി എല്ലാരും പോയി. ആരുമില്ല. വീട് കാണാനില്ല. ഇതെല്ലാം പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി തോളില്‍ അമര്‍ത്തി ആശ്വസിപ്പിച്ചു', എന്ന് മേപ്പാടി സ്വദേശി അയ്യപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ പറഞ്ഞത് ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യാന്‍ ആളുണ്ടായിരുന്നു. ക്യാംപില്‍ ഞങ്ങളിരിക്കുന്ന ഭാഗത്തെ 12 പേരെ പ്രധാനമന്ത്രി കണ്ടു.
പിന്നീട് തൊട്ടടുത്തുള്ള മുറിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ കണ്ടു. അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു. ഒരു വീട് വേണം എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. പേടിക്കേണ്ട കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്. ജനത്തിന്റെ അവസ്ഥ വളരെ മോശമാണ്. എല്ലാവരും ഒരുമിച്ച് പാവങ്ങള്‍ക്കായി നില്‍ക്കണം'- എന്നും അയ്യപ്പന്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് അയ്യപ്പന് നഷ്ടമായത്.
കേരളത്തിനൊപ്പം ഭാരത സര്‍കാരുണ്ടെന്ന് വയനാട് കലക്ടറേറ്റില്‍ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്തമാണ്. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സൈന്യം ചൂരല്‍മലയില്‍ നിര്‍മിച്ച ബെയ്‌ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. കലക്ടറേറ്റിലെ യോഗത്തിന് ശേഷം കണ്ണൂരിലേക്ക് പ്രധാനമന്ത്രി മടങ്ങി. വൈകിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തിരിക്കും.