Rescue Operation | ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ 6 സോണുകളായി തിരിച്ച് പത്താംനാളും തുടരുന്നു; വെള്ളിയാഴ്ച ജനകീയ തിരിച്ചില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാമെന്ന് മന്ത്രി 

 
Wayanad landslide, Kerala, search and rescue, missing persons, relief operations, rehabilitation, Prime Minister
Wayanad landslide, Kerala, search and rescue, missing persons, relief operations, rehabilitation, Prime Minister

Photo Credit: Facebook / Veena George

ക്യാംപുകളില്‍ കഴിയുന്ന ആര്‍ക്കെങ്കിലും തിരച്ചിലില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തേ തന്നെ വിവരം അറിയിക്കണം. വാഹന സൗകര്യവും വെള്ളവും ഭക്ഷണവും എല്ലാം ഒരുക്കും 

കല്‍പറ്റ: (KVARTHA) വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പത്താംനാളും തുടരുകയാണ്. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാറിലും കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവന്ന പരിശോധനകളും തുടരുന്നുണ്ട്. ചാലിയാറില്‍ നിന്നും നേരത്തെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആറ് സോണുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും നടക്കുന്നുണ്ട്. 16 ക്യാംപുകളിലായി 1968 പേരാണു കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. മന്ത്രി ആര്‍ ബിന്ദു ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കും.

ദുരന്തബാധിതരുടെ പുനരധിവാസം മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാംപുകളില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റു സൗകര്യങ്ങളോ സര്‍കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും.


സൂചിപ്പാറ-പോത്തുകല്ല് ഭാഗങ്ങളിലേക്ക് ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചില്‍ ദൗത്യ വ്യാഴാഴ്ചയും തുടരും. ചാലിയാര്‍ തീരത്തെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ജനകീയ തിരച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇന്‍ഡ്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനകീയ തിരച്ചിലാവും നടക്കുകയെന്നും ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ക്യാംപുകളില്‍ കഴിയുന്ന ആര്‍ക്കെങ്കിലും തിരച്ചിലില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തേ തന്നെ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ബന്ധപ്പെട്ട ക്യാംപുകളെ സമീപിച്ചാല്‍ സര്‍കാര്‍ വാഹനസൗകര്യം ഉള്‍പെടെ ഒരുക്കി അപകടസ്ഥലത്തേക്ക് എത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്റെ ബന്ധു ഇവിടെ ഉണ്ട് എന്ന് ആരുപറഞ്ഞാലും അവിടെ തിരയുന്നവിധത്തിലാണ് ജനകീയ തിരച്ചില്‍ എന്നും ഇതൊരു പുതിയ പരീക്ഷണമാണെന്നും വ്യക്തമാക്കി. എല്ലാ സേനാംഗങ്ങളും തിരച്ചിലിന്റെ ഭാഗമാകും. വെള്ളവും ഭക്ഷണവും ആംബുലന്‍സുകളും സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


പരപ്പന്‍പാറ, സൂചിപ്പാറ ഭാഗങ്ങളിലായിരുന്നു ബുധനാഴ്ചത്തെ തിരച്ചില്‍. കേരള പൊലീസ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപിലെ (എസ് ഒ ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഹെലികോപ്റ്ററിലാണ് വനമേഖലയിലേക്ക് സംഘം എത്തുക. വനംവകുപ്പിലെ അസി. കണ്‍സര്‍വേറ്റര്‍ രഞ്ജിത്ത്, റേയ്ന്‍ജ് ഓഫീസര്‍ ഹാശിഫ് എന്നിവര്‍ പ്രത്യേക ദൗത്യസംഘത്തോടൊപ്പമുണ്ട്. 

സൈന്യത്തിന്റെ കഡാവര്‍ നായയും സംഘത്തോടൊപ്പം ഉണ്ട്. പുഞ്ചിരിമട്ടം മേഖലയില്‍ സൈന്യത്തിന്റെ പ്രത്യേക സര്‍വേസംഘത്തിന്റെ നേതൃത്വത്തില്‍ മാപ്പിങ് നടത്തിയായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. കഡാവര്‍ നായകളെക്കൂടി ഉള്‍പ്പെടുത്തി നടത്തിയ തിരച്ചിലില്‍ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ മേഖലകളില്‍ വ്യാഴാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

ബുധനാഴ്ച നിലമ്പൂരില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തിരുന്നു. വയനാട്ടില്‍നിന്ന് ഒന്നും നിലമ്പൂരില്‍നിന്ന് മൂന്നും ശരീരഭാഗങ്ങളും കണ്ടെടുത്തു. ഇതുവരെ 415 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആണ്. 192 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളും സംസ്‌കരിച്ചു. 138 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia