Diet | മെഡിറ്ററേനിയൻ ഭക്ഷണക്രമം സ്ത്രീകളുടെ ആയുസ് വർധിപ്പിക്കുമെന്ന് 25 വർഷം നീണ്ട പഠനത്തിൽ കണ്ടെത്തൽ
ന്യൂഡെൽഹി: (KVARTHA) മെഡിറ്ററേനിയൻ ഭക്ഷണക്രമം സ്ത്രീകളിലെ മരണസാധ്യത 23 കുറയ്ക്കുമെന്ന് പുതിയ പഠനം. മെഡിറ്ററേനിയൻ ഭക്ഷണക്രമം സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്ത്രീകളിലെ ഇൻസുലിൻ അളവ്, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതായി പഠനം വ്യക്തമാക്കുന്നു.
25 വർഷമായി, അമേരിക്കയിൽ നിന്നുള്ള 25,000-ത്തിലധികം സ്ത്രീകളെ മുൻനിർത്തിയായിരുന്നു പഠനം. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നവർ അകാല മരണത്തിന് കീഴ്‌പ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനം തെളിയിച്ചതായി ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനും സെൻ്റർ ഫോർ ലിപിഡ് മെറ്റബോളമിക്‌സിൻ്റെ ഡയറക്ടറുമായ ഡോ. സാമിയ മോറ പറഞ്ഞു.
നട്സ്, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുൾപ്പെടെ സസ്യാധിഷ്ഠിത ഘടകങ്ങൾക്ക് പേരുകേട്ട മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ കൊഴുപ്പിൻ്റെ പ്രധാന ഉറവിടം ഒലിവ് ഓയിൽ ആണ്. മാംസം, മധുരപലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയും ഒപ്പം, മത്സ്യം, കോഴി, പാൽ, മുട്ട, എന്നിവ മിതമായ അളവിൽ ഉപയോഗിക്കുകയും ചെയ്യുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ, ശരീരവീക്കം, ഇൻസുലിൻ പ്രതിരോധം, മറ്റ് ക്ലിനിക്കൽ അപകട ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 40 ഘടകങ്ങൾ ആണ് ഗവേഷകർ വിലയിരുത്തിയത്. അമിതമായ അളവിൽ കൊഴുപ്പ് ശരീരത്തിലെത്താതിരിക്കാൻ, പാകത്തിനുള്ള ഭക്ഷണക്രമം പിന്തുടരുന്നു എന്നതു തന്നെയാണ് ഈ ആഹാരക്രമത്തിൻ്റെ പ്രത്യേകത. എന്നിരുന്നാലും, പുത്തൻ ഭക്ഷണ ശീലങ്ങൾ തുടങ്ങുന്നതിനു മുമ്പ് തീർച്ചയായും ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.