Remembrance | മഹാകവി അക്കിത്തം വിടവാങ്ങിയിട്ട് 4 വർഷം; മലയാളിയുടെ നിത്യസ്മരണയായി കവിതയിലെ ഇതിഹാസം
● ജ്ഞാനപീഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി
● യോഗക്ഷേമ സഭയിൽ സജീവമായിരുന്നു
● ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു
● 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതി പ്രസിദ്ധമാണ്
കണ്ണൂർ: (KVARTHA) മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഒക്ടോബർ 15ന് നാലുവർഷം. കോവിഡ് കാല ദുരന്തത്തിനിടയിൽ വിടപറഞ്ഞ പ്രതിഭകളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. അപരനു വേണ്ടി പൊഴിച്ച കണ്ണീർ കണങ്ങളിലൂടെ മനുഷ്യസ്നേഹത്തിന്റെ ഇതിഹാസമായി മാറിയ മഹാകവിയാണ് അക്കിത്തം. 1965 ൽ മഹാകവി ജി ശങ്കരക്കുറുപ്പിലൂടെ തുടങ്ങിയ മലയാളത്തിലെ ജ്ഞാനപീഠ അധിപന്മാർ എസ് കെ, തകഴി, എം ടി, ഒ എൻ വി എന്നിവരിലൂടെ പരന്നൊഴുകിയപ്പോൾ അത് ആറാമതായി ചെന്നെത്തിയത് മഹാകവി അക്കിത്തത്തിലാണ്.
2019ലെ ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ കവി ഈ ലോകത്തോട് വിടപറയുകയുണ്ടായി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ മഹാകവി കൈപ്പറ്റിയ ബഹുമതികൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഇതിഹാസ കൃതിയിലെ മലയാള സാഹിത്യം നിലനിൽക്കുന്നിടത്തോളം കാലം ബാക്കിയുള്ള വരികൾ, മലയാള സാഹിത്യത്തിന് എക്കാലത്തേക്കും മുതൽക്കൂട്ടായ വരികൾ വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്നത് ജീവിതത്തിന്റെ ഏറ്റവും ആഴത്തിലുള്ള വിലയിരുത്തലായി കണക്കുകൂട്ടുന്നു.
പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ച കവി തന്റെ പഠനകാലത്ത് എട്ടാം വയസ്സു മുതൽ കവിതാ ലോകത്തേക്ക് എത്തിയിരുന്നു. വി ടി ഭട്ടതിരിപ്പാട് ഇടശ്ശേരി ഉറൂബ് തുടങ്ങിയവർ ഉൾപ്പെടുന്ന പൊന്നാനി കളരിയാണ് അക്കിത്തത്തിലെ കവിത്വത്തെ തേച്ചു മിനുക്കി ഒരു മഹാകവിയാക്കിയത്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച അക്കിത്തം നമ്പൂതിരി സമുദായത്തിലെ നവീകരണത്തിനായുള്ള യോഗക്ഷേമ സഭയിലും സജീവ സാന്നിധ്യമായിരുന്നു.
ഉണ്ണി നമ്പൂതിരി ഉൾപ്പെടെയുള്ള യോഗക്ഷേമ സഭയുടെ പ്രസിദ്ധീകരണങ്ങൾ നടത്തിയതും ഒരുകാലത്ത് കവി തന്നെയായിരുന്നു. ആകാശവാണിയിലായിരുന്നുഔദ്യോഗിക ജീവിതം' സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി തപസ്യ കലാസംസ്കാരിക വേദിയുടെ അദ്ധ്യക്ഷനായും ഏറെക്കാലം രംഗത്ത് ഉണ്ടായിരുന്നു. മലയാളികൾ ഉള്ളിടത്തോളം ഓർക്കുന്ന മലയാള മനസ്സിന്റെ വികാരങ്ങളും വിചാരങ്ങളും തന്റെ തൂലികയിലൂടെ കാലാതിവർത്തിയായി അവതരിപ്പിച്ച പ്രിയ മഹാകവി തന്റെ 94-ാമത്തെ വയസ്സിലാണ് ഈ ലോകത്തോട് വിടവാങ്ങിയത്.
#Akkitham #MalayalamLiterature #JnanpithAward #MalayalamPoetry #IndianLiterature #Obituary