Tribute | അഭ്രപാളികളിൽ മാതൃസ്നേഹം നിറച്ച മലയാളികളുടെ പൊന്നമ്മ
● അഞ്ചാം വയസു മുതൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
● എട്ടാം ക്ലാസ് പുർത്തിയാക്കിയതിന് ശേഷം നാടകങ്ങളിൽ പിന്നണി പാടി തുടങ്ങി.
● 1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുമ്പിൽ
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ഭ്രാന്തനെന്ന് സമൂഹം മുദ്രകുത്തിയതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ ബാലൻ മാസ്റ്ററെന്ന മകന് വിഷം കലർത്തിയ ചോറുരുട്ടി നൽകി മലയാളിയുടെ നെഞ്ചകം തകർത്ത അമ്മയാണ് കവിയൂർ പൊന്നമ്മ. സിബി മലയിൽ ലോഹിതദാസിൻ്റെ തിരക്കഥയിൽ സംവിധാനം ചെയ്ത തനിയാവർത്തനമെന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ബാലൻ മാസ്റ്ററെയും കവിയൂർ പൊന്നമ്മ അവതരിപ്പിച്ച അമ്മയെയും ആർക്കും മറക്കാൻ കഴിയില്ല.
വഴി തെറ്റി പോവുകയും നഷ്ടപ്പെടുകയും ചെയ്യുന്ന മക്കളുടെ അമ്മയായി അവർ കിരീടത്തിലും ഹിസ് ഹൈനസ് അബ്ദുള്ളയിലും സന്ദേശത്തിലുമൊക്കെ പ്രേക്ഷക മനസിൽ ജീവിക്കുകയാണ് ചെയ്തത്. ഒരേ വേഷം തന്നെ തുടർച്ചയായി ചെയ്യുമ്പോഴും വ്യത്യസ്ത മാനറിസങ്ങളോടെ ചെയ്യാൻ കവിയൂർ പൊന്നമ്മ മിടുക്ക് കാണിച്ചു. കെ ജി ജോർജിൻ്റെ തിങ്കളാഴ്ച നല്ല ദിവസത്തിൽ അവർ അഭിനയിച്ച കഥാപാത്രത്തിൻ്റെ ആഴവും പരപ്പും അത്രമാത്രം വലുതായിരുന്നു.
എന്നാൽ വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുവെങ്കിലും പ്രേക്ഷകരുടെ മനസിൽ കവിയൂർ പൊന്നമ്മയെന്നും അമ്മ മുഖമായിരുന്നു. ഒരു ഗായികയിൽ നിന്നും അഭിനയ രംഗത്തേക്കുള്ള പകർന്നാട്ടമായിരുന്നു കലാജീവിതം. വിവിധ ഗുരുക്കന്മാർക്ക് കീഴിൽ അഞ്ചാം വയസു മുതൽ കവിയൂർ പൊന്നമ്മ സംഗീതം അഭ്യസിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് പുർത്തിയാക്കിയതിന് ശേഷം നാടകങ്ങളിൽ പിന്നണി പാടി തുടങ്ങി.
അരങ്ങിലേക്കുള്ള കവിയൂർ പൊന്നമ്മയുടെ ആദ്യ ചുവടുവയ്പ്പ് പതിനൊന്നാം വയസിലായിരുന്നു. തോപ്പിൽഭാസി സംവിധാനം ചെയ്‌ത മൂലധനം നാടകത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. കെപിഎസി ഉൾപ്പെടെ വിവിധ നാടക സമിതികളിൽ പിന്നീട് സജീവമായി പ്രവർത്തിച്ചു. നാടക വേദികളിൽ നിന്നും പിന്നീടുള്ള അഭിനയ യാത്ര അവരെ വെള്ളിത്തിരയിലേക്ക് എത്തിക്കുകയായിരുന്നു.
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറക്കു മുമ്പിൽ എത്തുന്നത്. മുഴുനീള കഥാപാത്രമുള്ള ആദ്യ സിനിമ 1964 ൽ പുറത്തിറങ്ങിയ കുടുംബിനിയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മറ്റ് നിരവധി ചലച്ചിത്ര താരങ്ങളുടെ അമ്മ റോളുകൾ അവതരിപ്പിച്ചു. ഓടയിൽനിന്ന് എന്ന സിനിമയിൽ സത്യന്റെ നായികാ കഥാപാത്രമായി വേഷമിട്ടു.
മലയളത്തിലെ ആദ്യകാല മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നു കവിയൂർ പൊന്നമ്മ. സേതുമാധവൻ, വിൻസന്റ്, ശശികുമാർ അടൂർ ഭാസി, ഭരതൻ, പത്മരാജൻ, ഐ വി ശശി, സിബി മലയിൽ, ബാലചന്ദ്രമേനോൻ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയമായി. വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, ത്രിവേണി, കരകാണാക്കടൽ, ചാമരം, നിർമാല്യം, കൊടിയേറ്റം, തിങ്കളാഴ്‌ച നല്ല ദിവസം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഹിസ് ഹൈനസ് അബുദുല്ല, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ കവിയൂർ പൊന്നമ്മയെ മലയാള സിനിമ പ്രേഷകർക്ക പ്രിയങ്കരിയാക്കി.
അടുത്ത കാലം വരെ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കവിയൂർ പൊന്നമ്മ അമ്മയും പെങ്ങളും മുത്തശിയുമില്ലാത്ത ന്യു ജനറേഷൻ സിനിമകളുടെ തള്ളിക്കയറ്റത്തിനിടെയാണ് അഭ്രപാളികളിൽ നിന്നും അകന്നുപോയത്. ഏതൊരു മലയാളിയുടെയും മനസിൽ അമ്മയെന്നു പറയുമ്പോൾ ഓടി വരുന്ന പേര് കവിയൂർ പൊന്നമ്മയുടെതായിരിക്കും. മലയാളിയുടെ പൊന്നമ്മയായിരുന്നു അവർ.
#KaviyoorPonnamma #MalayalamCinema #Actress #Obituary #IndianCinema #TamilActress