Evidence Taken | പീഡനക്കേസിലെ പ്രതിയെ കൂത്തുപറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ഇക്കഴിഞ്ഞ 15-നാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട് വച്ച് പ്രതി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്
കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് മുന്‍വാതിലിലൂടെ അകത്തുകയറുകയായിരുന്നു
കണ്ണൂര്‍: (KVARTHA) കാഞ്ഞങ്ങാട് പടന്നക്കാട് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്തുവയസുകാരിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണം കവരുകയും ചെയ്‌തെന്ന കേസില്‍ പൊലീസ് പ്രതിയെ കൂത്തുപറമ്പില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎ സലീമാണ് കേസിലെ പ്രതി. സലീമിനെ അന്വേഷണസംഘം കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ എത്തിച്ചാണ് തെളിവെടുത്തത്.
ഇയാള്‍ ഇവിടെ വിറ്റ സ്വര്‍ണമാല കണ്ടെത്തിയിട്ടുണ്ട്. സലീമിന്റെ സഹോദരിയുടെ വീട് കൂത്തുപറമ്പിലുണ്ട്. ഇയാള്‍ മോഷണം നടത്തിയതിനുശേഷം ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ 15-നാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട് വച്ച് ഇയാള്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പുലര്‍ചെ മൂന്നുമണിക്കാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പീഡനശേഷം കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ ഊരിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഇരുട്ടില്‍ എങ്ങോട്ട് പോകണമെന്നറിയാതെ പേടിച്ചരണ്ട കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.