Court Verdict | ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയത് തിരിച്ചടിയായി; ഹൈകോടതി വിധിയിൽ തറ പറ്റിയത് ഇടതുസർക്കാരുകളുടെ വീഴ്ചകൾ

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA)
സ്വന്തം പാർട്ടിക്കാർ അക്രമത്തിന് ഇരയായ കേസുകൾ പഴുതടച്ച അന്വേഷണത്തിലൂടെ കോടതിയുടെ മുൻപിലെത്തിക്കാൻ കഴിയാത്തത് ഇടതുപക്ഷ സർക്കാരുകൾക്ക് തിരിച്ചടിയാവുന്നു. സി.പി.എം നേതാക്കളായ പി ജയരാജൻ - ഇ പി ജയരാജൻ വധശ്രമക്കേസുകളിൽ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിച്ചു സുപ്രീം കോടതിയിലേക്ക് നീതി തേടി പോകേണ്ട സാഹചര്യമാണ് പാർട്ടിക്കും സർക്കാരിനുമുളളത്.
  
Court Verdict | ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയത് തിരിച്ചടിയായി; ഹൈകോടതി വിധിയിൽ തറ പറ്റിയത് ഇടതുസർക്കാരുകളുടെ വീഴ്ചകൾ

കണ്ണൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരും മുൻപെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് നിയമ യുദ്ധത്തിൽ ആശ്വാസ വിജയം നേടിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ വധശ്രമ കേസിൻ്റെ പേരിൽ 29 വർഷം നീണ്ടുനിന്ന രാഷ്ട്രീയ നിയമ പോരാട്ടത്തിലാണ് സിപിഎം തറ പറ്റിയത്.

ഇന്നത്തെ കെപിസിസി അദ്ധ്യക്ഷനായ കെ സുധാകരൻ്റെ തലയ്ക്കുമീഴെ തൂങ്ങുന്ന ഡെമോക്രസിന്റെ വാളായി മാറിയിരുന്നു വധഗൂഡാലോചന കേസ്. സിപിഎം നേതാവായ ഇ പി ജയരാജനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ 1997 ഒക്ടോബർ 22 ന് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് സുധാകരനെ തലശേരിയിൽ നിന്നും ട്രെയിനിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടച്ചത്. ഇതോടെ കെ സുധാകരൻ വധശ്രമ ഗൂഡാലോചന കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്തു.

1995 ഏപ്രിൽ 12-ന് ചണ്ഡിഗഢിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ഇ പി ജയരാജൻ ട്രെയിനിൽ ആക്രമണത്തിനിരയായത്. വിക്രംചാലിൽ ശശി, പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ട്രെയിനിലെ വാഷ് ബേസിൽ മുഖം കഴുകുന്നതിനിടെയിൽ ജയരാജനെ പുറകിൽ നിന്നും വെടി വെച്ചുവെന്നാണ് കേസ്.

അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡൻ്റായിരുന്ന കെ സുധാകരനും, സിഎംപി നേതാവ് എം വി രാഘവനുമാണ് അക്രമത്തിന് പിന്നിൽ എന്നായിരുന്നു പിണറായി വിജയൻ അടക്കമുള്ള സി പി എം നേതാക്കളുടെ ആരോപണം. അതിൻ്റെ പേരിൽ കെ സുധാകരനെയും, എം വി രാഘവനെയും രാഷ്ട്രീയ ശത്രുക്കളായി പ്രചരിപ്പിച്ചു സിപിഎം വ്യാപക പ്രചരണവും നടത്തി. ഇതിനു പുറമേ ഇരുവരെയും ലക്ഷ്യം വെച്ച് കൊണ്ടുള്ള നിയമ നടപടികൾക്കാണ് പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകൾ ശ്രമം നടത്തിയത്.

ആന്ധ്ര പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. ഓങ്കോള്‍ സെക്ഷന്‍സ് കോടതി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പേട്ട ദിനേശന് 19 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിക്രം ചാലില്‍ ശശി വിചാരണക്കിടെ കൂത്തുപറമ്പിൽ ബസിൽ നിന്നും സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ടു. ഇ പി ജയരാജൻ വധശ്രമക്കേസിൽ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓങ്കോള്‍ കോടതി തന്നെ കുറ്റവിമുക്തരാക്കിയിരുന്നു.

ഇരുവരെയും പ്രതി ചേർക്കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈകോടതി അനുവദിച്ചില്ല. ആവശ്യം സുപ്രീം കോടതിയും പിന്നീടു തള്ളിയത് സിപിഎമ്മിന് തിരിച്ചടിയായി മാറി. ഗൂഢാലോചനയില്‍ കെ സുധാകരന് പങ്കുണ്ടെന്നും പങ്കാളിയായ സുധാകരനെ ശിക്ഷിക്കണമെന്നതാണ് ക‍ഴിഞ്ഞ 27 വര്‍ഷമായി ഇ പി ജയരാജനും കണ്ണൂരിലെ പിണറായി വിജയൻ അടക്കമുള്ള സി പി എം നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതിന് വേണ്ടിയായിരുന്നു പിന്നീട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളുടെ ശ്രമം.

1996ൽ കേരളത്തിൽ ഇകെ നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതോടെ സി പി എം വീണ്ടും കെ സുധാകരന് എതിരെ നീങ്ങി. 1997 ല്‍ ഇപി ജയരാജന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കേസിന്‍റെ ഗൂഢാലോചന നടന്നത് തലസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസ് കേരളാ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു ഇപി ജയരാജന്‍റെ ആവശ്യം.

അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ശഖുംമുഖം അസിസ്റ്റന്‍റ് കമ്മീഷണല്‍ എം സുഗതനെ അന്വേഷണം ഏല്‍പ്പിച്ചു. കെ സുധാകരനെ ലക്ഷ്യമിട്ട സി പി എം നിയമ നടപടികളിൽ കുരുക്കുന്നതിന് സുധാകരന് എതിരായ നീക്കം അതിവേഗത്തിലാക്കി. ഗൂഢാലോചന കുറ്റത്തിന് സി പി എം നേതാക്കളുടെ കണ്ണിലെ കരടായ കെ സുധാകരനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിപിഎം തീരുമാനം. അത് പൊലീസ് നടപ്പിലാക്കി. 1997 ഒക്ടോബര്‍ 22 ന് പുലർച്ചെ 2.30 ന് തലശേരിയില്‍ നിന്ന് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

സിപിഎമ്മിൻ്റെ രാഷ്ട്രിയ പകപോക്കലിന് എതിരെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്. ഒരേ കേസില്‍ രണ്ട് സംസ്ഥാനങ്ങളില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത അപൂർവ സംഭവവും ഇതിനിടയിൽ അരങ്ങേറി. ഈ വൈരുധ്യം ചൂണ്ടിക്കാട്ടി കെ സുധാകരന്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് സി പി എമ്മിനേറ്റ കനത്ത തിരിച്ചടിയായി. കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുധാകരൻ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തളളുകയായിരുന്നു. തുടർന്ന്‌ 2016ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെ സുധാകരന്റെ ഹർജിയിൽ 2016-ൽ ഹൈക്കോടതി വിചാരണ സ്റ്റേചെയ്തിരുന്നു.

കുറ്റപത്രത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്‍റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുളള സുധാകരന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഇതോടെ 29 വർഷമായി സി പി എം നേതാക്കൾ നടത്തിവന്നിരുന്ന കെ സുധാകരൻ വേട്ടയ്ക്കാണ് താൽക്കാലികമായി വിരാമമായിരിക്കുന്നത്. എന്നാൽ ഈ കേസിൽ നിയമ നടപടികൾ തുടരുമെന്നാണ് ഇ പി ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സുപ്രീം കോടതിയിൽ വിടുതൽ ഹർജിക്കെതിരെ അപ്പീൽ പോകാനാണ് സർക്കാർ നീക്കം നടത്തുന്നത്.

Keywords: News, News-Malayalam-News, Kerala, Politics, Acquittal of K Sudhakaran in EP Jayarajan attempt to murder case setback to CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia