Controversy | സുരേഷ് ഗോപിയുടെ വിജയത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചോ?
● ക്രൈംബ്രാഞ്ചായിരിക്കും പുതിയ അന്വേഷണം നടത്തുക
● പ്രതിപക്ഷം സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ്
ആദിത്യൻ ആറന്മുള
(KVARTHA) തൃശൂര്‍ ലോക‍്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായി സര്‍ക്കാരിന് നേരത്തെ വിവരംലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളിയതും പുതിയ അന്വേഷണം നടത്താന്‍ തീരുമാനിച്ചതുമെന്നാണ് സൂചന. ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം.
ലോക‍്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായിരുന്നതിനാല്‍ പൂരം സമയത്ത് സര്‍ക്കാരിന് പൊലീസിനെ നിയന്ത്രിക്കുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. അത് മുതലെടുത്താണ് പൂരംകലക്കിയതെന്നാണ് ആക്ഷേപം. അല്ലെങ്കില്‍ പതിവ് പോലെയുള്ള ക്രമീകരണങ്ങള്‍ക്ക് തയ്യാറാക്കിയ പദ്ധതി എഡിജിപി അജിത്കുമാര്‍ തള്ളിയ ശേഷം പുതിയ സുരക്ഷാ പദ്ധതി അവസാന നിമിഷം നടപ്പാക്കിയതെന്തിന് എന്ന ചോദ്യം ഉയരുന്നു.
എംആര്‍ അജിത്കുമാറും സുരേഷ്ഗോപിയും നല്ല അടുപ്പത്തിലാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. പൂരത്തിന്റെ തലേരാത്രി നഗരത്തിലുണ്ടായിട്ടും പ്രശ‍്നങ്ങളില്‍ ഇടപെടാന്‍ തയ്യാറാകാതെ എഡിജിപി പുലര്‍ച്ചെ മൂകാംബികയ‍്ക്ക് തിരിക്കുകയും ചെയ‍്തു. അതിന് മുമ്പ് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പറയുന്നു. മാത്രമല്ല ആര്‍എസ്എസിന്റെ വിശേഷാല്‍ സമ്പര്‍ക്ക് കാര്യവാഹ് ജയകുമാര്‍ എംആര്‍ അജിത്കുമാറുമായി കൂടിക്കാഴ‍്ചയും നടത്തിയിരുന്നു.
പൂരം അലങ്കോലമായതിന് തൊട്ട് പിന്നാലെ സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ അവിടേക്ക് എത്തിക്കുകയും ചെയ‍്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പലരും സംശയത്തിന്റെ നിഴലിലാണ്. ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കൃത്യമായി അന്വേഷണം നടത്താതെ നടപടികളിലേക്ക് നീങ്ങാനാകുമായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്താണ് എംആര്‍ അജിത്കുമാര്‍ മറ്റ് പല ഉദ്യോഗസ്ഥരെയും പാട്ടിലാക്കിയതെന്നും ആരോപണമുണ്ട്.
പൂരം കലങ്ങിയതോടെ പ്രതിപക്ഷം സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആര്‍എസ്എസ്-ബിജെപി-സിപിഎം ബന്ധമാണ് അവര്‍ ആരോപിക്കുന്നത്. അതുകൊണ്ട് നിജസ്ഥിതി പുറത്തുവരണമെന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും ആഗ്രഹമുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ മുരളീധരന്‍ പറയുന്നത്. എന്നാല്‍ ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങളിലാണ് ജുഡീഷ്യല്‍ അന്വേഷണം സാധാരണ നടത്തുന്നത്. അതുകൊണ്ട് ക്രൈംബ്രാഞ്ചായിരിക്കും പുതിയ അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് അന്വേഷണ ചുമതല നല്‍കിയേക്കും.
ആഭ്യന്തരസെക്രട്ടറിയാണ് പുതിയ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി ബുധനാഴ‍്ചത്തെ മന്ത്രിസഭാ യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. എഡിജിപി സ്വന്തം മുഖംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. അത് ഡിജിപിയും മുഖ്യമന്ത്രിയും തള്ളിയിരുന്നു. മാത്രമല്ല റിപ്പോര്‍ട്ടിനൊപ്പം സര്‍ക്കാരിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എംആര്‍ അജിത്കുമാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. അത് എഡിജിപിക്കെതിരായ കുറ്റപത്രമാണെന്ന ആക്ഷേപം പൊലീസില്‍ നിന്ന് തന്നെ ഉയരുന്നു.
സംസ്ഥാന രാഷ‍്ട്രീയത്തില്‍ ബിജെപിക്ക് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തില്‍ എങ്ങനെയും ഒരു സീറ്റെങ്കിലും നേടുന്നതിനുള്ള തന്ത്രം അവര്‍ വളരെ കാലമായി പയറ്റുന്നുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൂരം വന്നത് അവര്‍ക്ക് അനുഗ്രഹമായെന്നാണ് ഇടത്പക്ഷത്തെ പലരും വിശ്വസിക്കുന്നത്. ബിജെപിക്കും ആര്‍എസ്എസിനും പൂരം കലക്കലില്‍ പങ്കുണ്ടെന്ന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണം ഇത്രയും വൈകിപ്പിച്ചതും ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എഡിജിപി, ആര്‍എസ്എസ് ജനറല്‍സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടത് വലിയ വിവാദമാപ്പോള്‍ സുരേഷ് ഗോപിയും ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ പിഎസ് ശ്രീധരന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ രാഷ‍്ട്രീയ അയിത്തം നിലനില്‍ക്കുന്നെന്നായിരുന്നു ആരോപണം. ഇതെല്ലാം പൊതുസമൂഹത്തിന് സംശയംജനിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതിലൊക്കെ വ്യക്തവരണമെങ്കില്‍ സൂതാര്യമായ അന്വേഷണം നടക്കണമെന്ന് സര്‍ക്കാരിന് ബോധ്യമായി.
പൊലീസീല്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ 2017ല്‍ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിമർശനം. പൂരം കലക്കിയതില്‍ ആര്‍എസ്എസിനും ബിജെപിക്കും പങ്കുണ്ടോ എന്ന് പൊതുസമൂഹത്തിന് അറിയണം. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#SureshGopi #KeralaElections #PoliceAllegations #BJPSCandal #ElectionControversy #PoliticalIntegrity