Critique | 'പിണറായി എന്ന സൂര്യൻ കെട്ടുപോയി', ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർടിയെന്ന് പിവി അൻവർ
● 158 കേസുകൾ പുനരന്വേഷിക്കുവാൻ തയ്യാറാണോ എന്ന് വെല്ലുവിളി
● പാർടി എന്നു പറയുന്നത് പാർടി സഖാക്കളാണ്
മലപ്പുറം: (KVARTHA) കേരളത്തിൽ കത്തിജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയനെന്നും എന്നാൽ ആ സൂര്യൻ കെട്ടുപോയി എന്ന് താൻ അദ്ദേഹത്തോട് പറഞ്ഞുവെന്നും പി വി അൻവർ എംഎൽഎ. വാർത്താസമ്മേളനത്തിൽ അതിരൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉയർത്തിയത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി താഴ്ന്നു. മുഖ്യമന്ത്രിയോട് കമ്മ്യൂണിസ്‌റ്റുകാർക്കും വെറുപ്പാണെന്ന് താൻ
അദ്ദേഹത്തോട് പറഞ്ഞതായും അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാൻ ഒരു അർഹതയുമില്ലെന്ന് പറഞ്ഞ അൻവർ കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർടിയെന്നും വിമർശിച്ചു. പാർടി എന്നു പറയുന്നത് പാർടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർടി നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
സിറ്റിങ് ജഡ്‌ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്‌ഥരെ കൊണ്ട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വെല്ലുവിളിക്കുകയാണെന്നും അൻവർ പറഞ്ഞു. അഡ്‌ജസ്റ്റ്മെന്റുകൾ പഞ്ചായത് തലം വരെ എത്തിയിട്ടുണ്ട്. ഇനി ബ്രാഞ്ച് തലത്തിലേക്കേ എത്താനുള്ളൂ. ഞാൻ കാവൽക്കാരനാണ്. പാർടിയിൽ കയറിയിട്ടില്ല. എൻ്റെ പണി സെക്യൂരിറ്റി പണിയാണ്. സെക്യൂരിറ്റി പണിയിൽ നിന്നും പിരിച്ചുവിട്ടാൽ റോഡിൽ ഇറങ്ങിനിൽക്കുമെന്നും അൻവർ നിലപാട് വ്യക്തമാക്കി.
#PVAnwar #PinarayiVijayan #KeralaPolitics #Criticism #Leadership #News