Waterlog | ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം ജനങ്ങൾ മാത്രമോ?
* ടണ്‍ കണക്കിന് മാലിന്യമാണ് പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുന്നത്
/ സോണി കല്ലറയ്ക്കൽ
(KVARTHA) സംസ്ഥാനത്തെങ്ങും മഴ തിമിർത്ത് പെയ്യുകയാണ് . ഒപ്പം തന്നെ പ്രകൃതി നാശങ്ങളും ഏറുകയാണ്. മിക്കസ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ ഉണ്ടായി ഗതാഗത തടസ്സവും നേരിടുന്നു. പ്രത്യേകിച്ച് കൊച്ചിയിലാണ് വെള്ളക്കെട്ടുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയും രംഗത്ത് വന്നിരിക്കുകയാണ്. കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങൾക്കും വെള്ളക്കെട്ടിനും ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. മാലിന്യപ്രശ്നങ്ങളിൽ ജനങ്ങളെ കുറ്റം പറയുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വിമര്‍ശിക്കുകയുണ്ടായി.
ടണ്‍ കണക്കിന് മാലിന്യമാണ് പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുന്നത്. മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ ഇങ്ങനെ എതിരുനിന്നാല്‍ എന്ത് ചെയ്യും? റസിഡന്റ്‌സ് അസോസിയേഷനുകളെ കക്ഷിചേര്‍ക്കേണ്ടി വരുമെന്നും ഹൈക്കോടതി വിമർശിച്ചു. മഴ കനത്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെ മാലിന്യപ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. ഇത്രക്കും നിരുത്തരവാദപരമായി മാലിന്യം തള്ളുന്ന ജനം വേറൊരു രാജ്യത്തും കാണില്ല.
അതേസമയം ഭരിക്കുന്ന ജനപ്രതിനിധികളും ഇക്കാര്യത്തിൽ കാര്യക്ഷമമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ മാലിന്യ സംസ്കരണം എന്താണ് എന്ന് അവതരിപ്പിക്കാൻ കൂടി നീതിപീഠം സർക്കാരിനോട് ആവശ്യപ്പെടേണ്ടിയിരിക്കുന്നു. കൂടാതെ മെയിൻ റോഡുകൾ പണിയുമ്പോൾ കാന, ഓവുചാൽ, അപ്രോച്ച് റോഡുകൾ, തുടങ്ങിയവയെ കുറിച്ച് ഒരു റിപ്പോർട്ടും സമർപ്പിക്കാനും അത് കോടതി ഏൽപ്പിച്ച ഒരു സമിതി അന്വേഷിച്ചു സേർട്ടിഫൈ ചെയ്യുകയും ചെയ്താൽ കുറേ അഴിമതിയും ഇവിടത്തെ ഈ ഗതികേടും മാറും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് അടിസ്ഥാനത്തിൽ വേണം വേണ്ടത് ചെയ്യാൻ.
ഹരിത കർമ സേന എന്തൊക്കെ വേസ്റ്റ് ആണ് എടുക്കുന്നത്, ബാക്കി ഉള്ള വേസ്റ്റ് ജനങ്ങൾ എവിടെ നിക്ഷേപിക്കണം എന്നും കൂടി വിശദീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇന്ന് എല്ലാ മേഖലകളിലും നമ്മള്‍ വളര്‍ന്നിട്ടുണ്ട്. പണ്ട് പെട്ടിക്കടകളില്‍ നിന്ന് കടലാസിൽ പൊതിഞ്ഞു വാങ്ങിയിരുന്ന നമ്മള്‍ ഇന്ന് മാളുകളിലേക്ക് വളര്‍ന്നിട്ടുണ്ട്. വളരാത്തത് മാലിന്യ സംസ്കരണത്തില്‍ മാത്രമാണ്. ഇതിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ രാജ്യവും ഓരോ ദിവസവും കൈകാര്യം ചെയ്യുന്നുണ്ട്. അത് എങ്ങനെയാണെന്നാണ് ആദ്യം പഠിക്കേണ്ടത്. ഓരോ മാസവും 100 ഉം 200ഉം കൊടുത്തു, ഹരിത കര്‍മ്മ സേനകള്‍ വാങ്ങി കൊണ്ടുപോകുന്ന മാലിന്യങ്ങൾ പോലും കൂട്ടിയിട്ട് കത്തിക്കുന്ന രീതിയാണ് നമ്മുടെ സംസ്കരണം.
ഉത്തരവാദിത്തമില്ലാത്ത ഭരണകര്‍ത്താക്കളാണ് നമ്മുടെ ശാപം. മഴക്കാല പൂര്‍വ പ്രവർത്തനങ്ങൾ ചെയ്യാൻ പെരുമാറ്റച്ചട്ടം തടസ്സമായി എന്നാണ് ഒരു വ്യവസായ മന്ത്രി പറഞ്ഞത്. കെ അരി കൊടുത്തു വോട്ട് വാങ്ങാന്‍ തടസ്സമാകാത്ത പെരുമാറ്റച്ചട്ടം മഴക്കാല പൂര്‍വ പ്രവർത്തനങ്ങൾ നടത്താന്‍ എങ്ങനെയാണ് തടസ്സമായത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ജനങ്ങൾക്കും ഈ വിഷയത്തിൽ പൂർണ്ണമായ ഉത്തരവാദിത്തം ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. സ്വന്തം മുറ്റത്തെ ചപ്പുച്ചവറുകൾ അന്യന്റെ വേലിക്കരികിലേക്ക് തള്ളിവയ്ക്കുന്നതാണ് മിക്കവരുടെയും പരിസര ശുചീകരണം. വീടിനു മുൻപിലെ കാനയിൽ മാലിന്യം നിക്ഷേപിക്കാൻ മടിയില്ലാത്തവർ മഴക്കാലം തുടങ്ങുന്നതിനു മുൻപേ ആ മാലിന്യങ്ങൾ തങ്ങൾക്ക് തന്നെ നാശം ആകുമോ എന്ന് കൂടി ചിന്തിക്കണം.
എന്തിനും പൈസ കൂടുതൽ മുടക്കാൻ മനസുള്ള മലയാളി തന്നെ കൊണ്ട് ചെയ്യാൻ പറ്റാത്തതെല്ലാം അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത് പോലെ ഇതും ചെയ്താൽ നമ്മുടെ പരിസരം മലിനമാകാതിരിക്കുകയും തൊഴിൽ ചെയ്തവന് ഒരു ഉപകാരവും ആകും. എല്ലാം പഞ്ചായത്തും മുൻസിപ്പാലിറ്റിയും കോർപറേഷനും പോലുള്ള ഭരണസംവിധാനങ്ങൾ ചെയ്തു തരണമെന്ന് വാശി പിടിക്കുമ്പോൾ അതിനൊക്കെ കാലതാമസമോ അല്ലെങ്കിൽ നടപ്പില്ലാത്ത സംഗതികളോ ആയി മാറുന്നതും കാലങ്ങളായി തുടരുന്നത് മനസിലാക്കേണ്ടതും ജനങ്ങൾ ആണ്. ഇതിന്റെ എല്ലാം ദുരിതം പേറുന്നതും പണമുള്ളവനും പാവപ്പെട്ടവനും ഉൾപ്പെടുന്ന ജനസമൂഹം തന്നെയാണെന്നുള്ള തിരിച്ചറിവ് ആണ് ഇവിടെ പൊതുജനത്തിന് വേണ്ടത്.
അര കിലോ പഞ്ചസാര വാങ്ങിയാലും പ്ലാസ്റ്റിക് കവറിലിട്ടെ കൊടുക്കൂ എന്നാണ് സർക്കാരിനെങ്കിൽ , ഉപയോഗിച്ച ശേഷം റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ ജനങ്ങളിൽ നിന്നും ആക്രി വില നൽകി തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയാൽ എത്രയോ നന്നായിരുന്നു. അപ്പോൾ ആരും പൊതുസ്ഥലത്ത് ഒന്നും നിക്ഷേപിക്കുകയില്ല. ചില വിദേശ രാജ്യങ്ങളിൽ ഇതിനായി ഓട്ടോമാറ്റിക് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഉപയോഗിച്ച കഴിഞ്ഞ ബോട്ടിലുകളും മറ്റും നിക്ഷേപിച്ചാൽ എ ടി എം സംവിധാനം പോലെ അതിന്റെ വില അപ്പോൾ തന്നെ ലഭിക്കും. വില കൊടുത്തില്ലെങ്കിലും വേണ്ടില്ല ഇതൊന്നു തിരിച്ചെടുക്കാനുള്ള ഒരു നല്ല സംവിധാനം ഉണ്ടാക്കിയാൽ മതി.
അല്ലാതെ അതിനും ജനങ്ങളെ ഞെക്കി പിഴിഞ്ഞ് 50 രൂപ കൊടുത്തില്ലെങ്കിൽ പഞ്ചായത്തിൽ നിന്ന് സേവനങ്ങൾ ഒന്നും കിട്ടില്ലഎന്ന് പറയുന്ന ഈ സംവിധാനം ഒന്നും മാറ്റണം. അപ്പോൾ നല്ല രീതിയിൽ ജനങ്ങളും സഹകരിക്കും. തൊട്ടതിനും പിടിച്ചതിനും എല്ലാം ജനങ്ങളെ പിഴിയാൻ നോക്കുമ്പോഴാണ് ജനങ്ങൾ നിസ്സഹകരണം കാണിക്കുന്നത്. ഇതും നീതിപീഠങ്ങൾ കാണേണ്ട കാര്യം തന്നെയാണ്. പിന്നെ ഇതിൻ്റെയൊക്കെ യഥാർത്ഥ വസ്തുത എന്തെന്നാൽ ഭരണാധികാരികളുടെ അഴിമതിയാണ് ഇതിൻറെ എല്ലാം യഥാർത്ഥ കാരണം. ഇവിടുത്തെ കാലഹരണപ്പെട്ട നയങ്ങൾ മാറ്റപ്പെട്ടാൽ മാത്രമേ നാട് നന്നാകൂ.