Review | വിരുന്ന്: മികച്ചൊരു ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ; ആക്ഷൻ കിംഗ് അർജുൻ സർജ തിളങ്ങി
* അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാകടയിലും ആന്ധ്രയിലുമെല്ലാം സംഭവിച്ച ഏതാനും സാത്താന്‍ പ്രവര്‍ത്തനങ്ങളാണ് വിരുന്നിന്റെ ആകെത്തുക
* തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്.
റോക്കി എറണാകുളം
(KVARTHA) കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ആക്ഷന്‍ കിംഗ് എന്നറിയപ്പെട്ടിരുന്ന തമിഴ് താരം അര്‍ജുന്‍ സര്‍ജ മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള സിനിമയായ വിരുന്ന് തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. സാത്താന്‍ സേവയും അതിന്റെ ചരിത്രവും പശ്ചാത്തലവും ഉള്‍പ്പെടെ പറയുകയും അതിനെതിരെ കാഴ്ചക്കാരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതാണ് ഈ സിനിമ. ദൈവം അരങ്ങു വാഴേണ്ടിടത്തെല്ലാം സാത്താനെ കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കുന്ന അപചയമാണ് സിനിമയുടെ പ്രമേയം.
അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാകടയിലും ആന്ധ്രയിലുമെല്ലാം സംഭവിച്ച ഏതാനും സാത്താന്‍ പ്രവര്‍ത്തനങ്ങളാണ് വിരുന്നിന്റെ ആകെത്തുക. അർജുനോടൊപ്പം തന്നെ ഈ സിനിമയുടെ നിർമ്മാതാവ് ഗിരീഷ് നെയ്യാറും ഈ സിനിമയിൽ മികച്ചൊരു വേഷം ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. സിനിമയിൽ ഹേമന്ത് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷമാണ് ഗിരീഷ് നെയ്യാർ അഭിനയിക്കുന്നത്. ഗിരീഷ് നെയ്യാറും അര്‍ജുനും നിക്കി ഗല്‍റാണിയും ബൈജു സന്തോഷുമാണ് സിനിമയുടെ മുക്കാല്‍ ഭാഗത്തോളം സമയത്തമുള്ളത്.
അര്‍ജുന്‍ സര്‍ജയുറ്റെ മികച്ച സംഘട്ടന രംഗങ്ങള്‍ വിരുന്നില്‍ കാഴ്ചക്കാര്‍ക്ക് മികച്ച വിരുന്നൊരുക്കുന്നു എന്ന് വേണമെങ്കിൽ പറയാം. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അർജുൻ സർജ മുൻപ് പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് നാട്ടിലെപോലെ തന്നെ കേരളത്തിലും വലിയൊരു ആരാധകരുള്ള നടനാണ് അര്‍ജുന്‍ സര്‍ജ. ജോണ്‍ കളത്തിലെന്ന ബിസിനസ് പ്രമുഖന്‍ കൊല്ലപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നാട്ടുകാരുടെ വിലയിരുത്തലുകളിലാണ് സിനിമ ആരംഭിക്കുന്നത്.
അയാളെ കൊലപ്പെടുത്തുന്നതാണെന്ന് പ്രേക്ഷകന്‍ ആദ്യം തന്നെ അറിയുന്നുണ്ട്. അതിനു പിന്നാലെ അയാളുടെ ഭാര്യ എലിസബത്തും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നു. മരിക്കുന്നതിന് മുമ്പ് റോഡിലുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവറോട് തന്റെ കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് എലിസബത്ത് വിശദമാക്കുന്നുണ്ടെങ്കിലും അത് അയാള്‍ക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നില്ല. തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം.
വിരുന്നിൽ അർജുൻ നിക്കി ഗിൽറാണി, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ് എന്നിവരെകൂടാതെ മുകേഷ്, അജുവർഗീസ്, ധർമജൻ സുധീർ, മൻരാജ്, അജയ് വാസുദേവ്, സോനാ നായർ എന്നിവരാണ് മറ്റ് താരങ്ങൾ. 'ആടുപുലിയാട്ടം', 'അച്ചായൻസ്', 'പട്ടാഭിരാമൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ താമരക്കുളം. 'സേവകൻ', 'ജയ് ഹിന്ദ്', 'ഏഴുമലൈ' തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അർജുൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഏകദേശം 12 സൂപ്പർ സിനിമകൾ അദേഹം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിട്ടുണ്ട്.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് ഈ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്.
#Virunnu #ArjunSarja #MalayalamCinema #IndianCinema #Thriller #Satanism #NewMovie