Aster MIMS | രക്ഷകന്റെ പിറന്നാൾ ദിനത്തിൽ അജലാൻ മുഹമ്മദ് പുതുജീവിതത്തിലേക്ക്; ധീരതയ്ക്ക് ആസ്റ്റര്‍ മിംസിന്റെ സ്നേഹാദരം
കണ്ണൂര്‍: (KVARTHA) കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന അജലാൻ മുഹമ്മദ് എന്ന പതിനെട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റിജുല്‍ മനോജിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആദരിച്ചു. മാനന്തേരിയിലെ അങ്ങാടിക്കുളത്തില്‍ കുളിക്കുന്നതിനിടയിൽ മുങ്ങിപോയ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് അജലാൻ അപകടത്തിൽ പെട്ടത്. ഈ സമയം അപകടാവസ്ഥ മനസ്സിലാക്കിയ റിജുല്‍ ജീവന്‍ പണയംവെച്ചാണ് മുങ്ങിത്താഴ്ന്ന അജലാനെ രക്ഷിച്ചത്.
തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ അജലാനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം അപകടാവസ്ഥ തരണം ചെയ്ത അജലാനെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ദിവസം തന്നെയായിരുന്നു റിജുല്‍ മനോജിന്റെ ജന്മദിനവും. ഈ സന്തോഷ ദിനത്തിൽ രക്ഷകനായ റിജുല്‍ മനോജിന് ആസ്റ്റര്‍ മിംസ് ആദരവ് നൽകി. റിജുല്‍ മനോജിൻറെ ധീരത മധുര നിമിഷങ്ങളിലേക്ക് വഴിമാറി.
റിജുല്‍ മനോജിന്റെ ഇടപെടല്‍ സമൂഹത്തിന് മാതൃകയാണെന്ന് ആസ്റ്റര്‍ മിംസ് കണ്ണൂർ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ജിനേഷ് വീട്ടിലകത്ത് പറഞ്ഞു. ഡോ. ഹനീഫ്, ഡോ. മുരളി ഗോപാൽ, ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. അനൂപ് തുടങ്ങിയവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.