Attack | ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് പരിക്കേറ്റു
● ആക്രമണം ഗുൽമാർഗിലെ ബോട്ടപഥർ മേഖലയിൽ
● അടുത്തിടെ ഗന്ദർബാലിൽ തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
● പ്രീതം സിംഗ് എന്ന തൊഴിലാളിയ്ക്കും വെടിയേറ്റ് പരിക്കേറ്റു
ന്യൂഡൽഹി: (KVARTHA) വടക്കൻ കശ്മീരിലെ ഗുൽമാർഗിലെ ബോട്ടപഥർ മേഖലയിൽ വ്യാഴാഴ്ച വൈകിട്ട് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് സൈനികർക്ക് പരിക്കേറ്റതായി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളിക്ക് വെടിയേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് സൈനികർക്ക് നേരെ ആക്രമണം നടന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ പ്രീതം സിംഗ് എന്ന തൊഴിലാളിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഗന്ദർബാലിൽ നടന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇന്ന്. മൂന്ന് ദിവസം മുമ്പ്, ഒരു തുരങ്ക നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് ഭീകരർ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ആറ് നിർമ്മാണ തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെടുകയുണ്ടായി.
കശ്മീരിലെ നയിദ്ഗാം ബുദ്ഗാമിലെ ഡോ. ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂരിലെ ഗുർമീത് സിംഗ്, ബിഹാർ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീർ, കലീം, മധ്യപ്രദേശ് സ്വദേശി അനിൽ ശുക്ല, ജമ്മുവിലെ ശശി അബ്രോൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സമീപ മാസങ്ങളിൽ സിവിലിയന്മാർക്ക് നേരെയുണ്ടായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഗന്ദേർബലിൽ ഉണ്ടായത്.
ജമ്മു കശ്മീരിൽ 10 വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച നാഷണൽ കോൺഫ്രൻസ് നേതാവ് ഉമർ അബ്ദുല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. ആക്രമണം നടന്നതിന്റെ അടുത്ത ദിവസം, തെഹ്‌രീക് ലബൈക് യാ മുസ്‌ലിം എന്ന പേരിൽ പുതുതായി രൂപീകരിച്ച ഭീകരസംഘത്തെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വ്യാപക റെയ്ഡുകൾക്ക് ശേഷം അധികൃതർ തകർത്തിരുന്നു.
ശ്രീനഗർ, ഗന്ദർബാൽ, ബന്ദിപോറ, കുൽഗാം, ബുദ്ഗാം, അനന്ത്നാഗ്, പുൽവാമ എന്നീ ജില്ലകളിൽ നടത്തിയ റെയ്ഡിൽ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്ന സംഘത്തെ ഇല്ലാതാക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചിരുന്നു.
#Gulmarg #Terrorism #Kashmir #Military #Security #News