Unrest | ബംഗ്ലാദേശിലെ സൈനിക ഭരണം; ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആശങ്കയുടെ കരിനിഴൽ പടരുന്നു
ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി അറിയിച്ചതോടെ രാജ്യം പട്ടാള ഭരണത്തിൻ്റെ നിഴലിലേക്ക് നീങ്ങുകയായിരുന്നു
നവോദിത്ത് ബാബു
ധാക്ക: (KVARTHA) പട്ടാള ഭരണം വന്നത് പൊതുവെ ശാന്തമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനിശ്ചിതത്വം പടരുന്നു. തുടർച്ചയായി നാലാം തവണ അധികാരത്തിൽ വന്ന ഷെയ്ക്ക് ഹസീന സ്ഥാനമൊഴിഞ്ഞ് വിദേശത്ത് ജീവൻ രക്ഷാർത്ഥം പാലായനം ചെയ്തിരിക്കുകയാണ്. ഇന്ത്യയുമായി മികച്ച സൗഹാർദമുള്ള രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. പ്രക്ഷോഭകർക്കൊപ്പം സൈന്യം പിൻതുണ നൽകിയതോടെയാണ് നിൽക്കക്കള്ളിയില്ലാതെ ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്.
ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി അറിയിച്ചതോടെ രാജ്യം പട്ടാള ഭരണത്തിൻ്റെ നിഴലിലേക്ക് നീങ്ങുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് പട്ടാള ഭരണത്തിന് കളമൊരുങ്ങിയത്. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ.
സൈനിക നടപടികളുടെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടർന്ന് അപായപ്പെടുമോയെന്ന ഭീതിയിൽ ഷെയ്ഖ് ഹസീനയും കുടുംബവും ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 98 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസുമായും ഭരണകക്ഷി പ്രവർത്തകരുമായും പ്രതിഷേധക്കാർ ഏറ്റുമുട്ടുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.
Sheikh Hasina Left The Country Its Official!#StepDownHasina #Bangladesh pic.twitter.com/eLRtVscmKt
— Ishtiaque Hossain (@ish7superfast) August 5, 2024
ഞായറാഴ്ച വൈകുന്നേരം ആറ് മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നത്.
1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുന:രാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് തെരുവിലുള്ളത്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹസീന രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ പ്രക്ഷോഭം കടുപ്പിക്കുകയായിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതും പാക് സൈന്യത്തോട് അകലം പാലിച്ചതുമാണ് ഷെയ്ക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിന് കാരണമായത്. ഇന്ത്യയോട് അടുപ്പം കാണിക്കുന്ന ഷെയ്ഖ് ഹസീനയുടെ വിദേശകാര്യനയത്തോട് പാക്കിസ്ഥാന് പണ്ടേ അതൃപ്തിയുണ്ട്.
സർക്കാർ സ്വീകരിക്കുന്ന നവലിബറൽ നയങ്ങളാണ് ജമാഅത്തെ ഇസ്ലാമിയെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ അയൽരാജ്യമായ ബംഗ്ലാദേശിലെ ജനാധിപത്യ സർക്കാർ അട്ടിമറിക്കപെട്ടത് കേന്ദ്ര സർക്കാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാക്കിസ്ഥാനും ദാഇശും ബംഗ്ലാദേശിൽ പിടിമുറുക്കിയാൽ വെള്ളം കുടിക്കേണ്ടി വരിക ഇന്ത്യൻ സർക്കാരായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.