Protests | ബംഗ്ലാദേശിൽ നടന്ന നിഴൽ യുദ്ധത്തിന് പിന്നിലാര്? ഷെയ്ഖ് ഹസീനയ്ക്കു ശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വം നയിക്കുന്നത് പാക് വഴിയിലേക്കോ!

 
protest
protest

Photo Credit: X / BringingJusticetoYou, Sheikh Hasina

ഓഗസ്റ്റ് ഒന്നിന് ഹസീന സർക്കാർ പുറത്തിറക്കിയ ഗസറ്റ് തീരുമാനം തന്നെയാണ് ആത്യന്തികമായി പ്രക്ഷോഭത്തിൻ്റെ ഗതിവേഗം കൂട്ടിയതെന്നാണ് വിലയിരുത്തൽ

നവോദിത്ത് ബാബു 

(KVARTH) ലോകമെങ്ങും ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമെന്ന മൗദൂദിയുടെ മതരാഷ്ട്രവാദമായിരുന്നുവെന്നത് അവരുടെ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയാറുണ്ട്. ഇന്ത്യ പോലുള്ള ബഹുസ്വരജനാധിപത്യ രാജ്യങ്ങളിൽ നിലപാട് അൽപ്പം മയപ്പെടുത്തുമെങ്കിലും ഇസ്ലാമിക ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഈ നിലപാട് അവർ കടുപ്പിക്കുക തന്നെ ചെയ്യുന്നുവെന്നാണ് വാദങ്ങൾ. 

എന്നാൽ പാക്കിസ്ഥാനിൽ ലഭിക്കുന്ന സ്വാതന്ത്ര്യം അവർക്കൊരിക്കലും അയൽരാജ്യമായ ബംഗ്ലാദേശിൽ കിട്ടിയിരുന്നില്ല. ഉരുക്ക് മുഷ്ടി ഉപയോഗിച്ചു ജമാഅത്തിനെയും അവരുടെ വിദ്യാർത്ഥി സംഘടനയെയും അടിച്ചമർത്താനാണ് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീന ശ്രമിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. ജമാഅത്ത് നേതാക്കളെ പല കുറ്റങ്ങൾക്കായി തൂക്കി കൊന്ന ഭരണകൂടമായിരുന്നു ഷെയ്ഖ് ഹസീനയുടെത്. 

സംവരണ നിയമത്തിനെതിരെയുള്ള രാജ്യത്ത് ആളി പടർന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് എരി തീ പകരാനും കലാപം തെരുവുകളിലെത്തിക്കാനും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് ഇറങ്ങിയ ഒരു സർക്കാർ ഗസറ്റായിരുന്നു അവരെ അക്ഷരാർത്ഥത്തിൽ പ്രകോപിപ്പിച്ചത്. അതിന് ശേഷം പ്രക്ഷോഭത്തിൻ്റെ സ്വഭാവം വഴിമാറുകയായിരുന്നു. ഹസീനയെ സ്ഥാനഭ്രഷ്ടയാക്കേണ്ടത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 

2009 ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 18 (1)ൻ്റെ വെളിച്ചത്തിലായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഛത്ര ഷിബിര്‍ എന്നിവയെയും അവരുടെ എല്ലാ അനുബന്ധ സംഘടനകളെയും നിരോധിത സംഘടനകളായി പ്രഖ്യാപിച്ച് ഹസീന ഭരണകൂടം ഗസറ്റ് പുറത്തിറക്കിയത്. ആഗസ്റ്റ് ഒന്നിന് ഹസീന സർക്കാർ പുറത്തിറക്കിയ ഗസറ്റ് തീരുമാനം തന്നെയാണ് ആത്യന്തികമായി പ്രക്ഷോഭത്തിൻ്റെ ഗതിവേഗം കൂട്ടിയതെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിനെയും അടക്കം നിരോധിക്കുന്ന ഗസറ്റ് വിജ്ഞാപനമാണ്  ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. 

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറും അടുത്തിടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന കലാപത്തിലും കൊലപാതക പരമ്പരയിലും നേരിട്ട് പങ്കെടുത്തതിന് തെളിവുകളുണ്ടെന്ന് വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. അവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നേരിട്ട് സ്വാധീനിച്ചുവെന്നും ഗസറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമി ഛത്ര ഷിബിര്‍ എന്നിവരും അവരുമായി സഹകരിക്കുന്ന മുന്നണികളും അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നതായും വിജ്ഞാപനം ചൂണ്ടിക്കാണിച്ചിരുന്നു. 

ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഗസറ്റ് വ്യക്തമാക്കിയിരുന്നു. നേരത്തെ അവാമി ലീഗിൻ്റെ നേതൃത്വത്തിലുള്ള 14 പാർട്ടികളുടെ സഖ്യത്തിൻ്റെ നേതാക്കൾ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും ഇസ്ലാമി ഛത്ര ഷിബിറിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സർക്കാർ ഗസറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വിദ്യാർത്ഥി സമരം കൂടുതൽ അക്രമാസക്തമായി. ആഗസ്റ്റ് നാലിന് മാത്രം ഏതാണ്ട് 98 പേരാണ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി അരങ്ങേറിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീന രാജിവെയ്ക്കണമെന്നതിലേയ്ക്ക് പ്രക്ഷോഭകരുടെ ആവശ്യം ശക്തിപ്പെട്ടിരുന്നു. 

ഇതിന് പിന്നാലെ സർക്കാർ രാജ്യവ്യാപകമായ കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ ആഗസ്റ്റ് അഞ്ചിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ലക്ഷ്യം വെച്ചു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെയ്ക്കുന്നതും രാജ്യം വിടുന്നതും. ശേഷം ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു.നേരത്തെ 2018 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജമാഅത്തെ ഇസ്ലാമിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിന്പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനും അതോടെ അവർക്ക് അയോഗ്യത ഉണ്ടായിരുന്നു. പിന്നീട് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിരുന്നു. 

1975 ല്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടികളിലൊന്നാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചരിത്രപരമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന അവരെ 2013-ല്‍ ദേശീയ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഷെയ്ഖ് ഹസീനയുടെ കാലത്ത് ഈ നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ അസ്ഥിത്വത്തെ അടിമുടി തകർക്കുന്ന നിലപാടുകളാണ് നടപ്പിലാക്കിയിരുന്നത്. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുന്നണിയിലുണ്ടായിരുന്നെങ്കിലും ഹസീനയുടെ പതനത്തിന് പിന്നിൽ നിഴൽ നീക്കങ്ങൾ നടത്തിയത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി തന്നെയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

പാക്കിസ്ഥാനെ പിൻതുണച്ചിരുന്ന ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി ഷെയ്ഖ് ഹസീന ഇന്ത്യയുടെ പിൻതുണയോടെയാണ് തങ്ങളെ അടിച്ചമർത്തുന്നുവെന്ന് സംശയിച്ചിരുന്നു. അതുകൊണ്ടുതന്നെ പിതാവ് മുജീബ് റഹ്മാനെക്കൾ വലിയ അപകടകാരിയായാണ് അവർ ഹസീനയെ കണ്ടത്. പറ്റിയ ഒരു അവസരത്തിനായി ജമാത്തെ ഇസ്ലാമി ഹസീനയ്ക്കെതിരെ തിരിയാൻ തക്കം പാർത്തു നിൽക്കുകയായിരുന്നു അവർക്ക് ലഭിച്ച വലിയൊരു ആയുധമായി ലഭിച്ചത് വിദ്യാർത്ഥികൾ നടത്തിയ സംവരണപ്രക്ഷോഭമായിരുന്നു. 

നിഴൽ യുദ്ധത്തിൽ നിന്നും മറനീക്കി പുറത്തുവന്ന് മുഖ്യശത്രുവായ ഷെയ്ഖ് ഹസീനയെ തുരത്താനും അവർക്ക് കഴിഞ്ഞു. എന്നാൽ നാഷനലിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണം പിടിക്കാൻ ജമാഅത്തിന് കഴിയുമോയെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെ കടന്നു പോകുന്ന ബംഗ്ലാദേശ് മറ്റൊരു പാക്കിസ്ഥാനായി മാറുമോയെന്ന സംശയം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾക്കുണ്ട്.
 

Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia