FIR | ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ നിർമല സീതാരാമൻ, ജെപി നദ്ദ അടക്കം 5 ബിജെപി നേതാക്കൾക്കെതിരെ കേസ്; നടപടി കോടതി നിർദേശത്തെ തുടർന്ന്
● കേസ് രജിസ്റ്റർ ചെയ്തത് തിലക്‌നഗർ പൊലീസ് സ്റ്റേഷനിൽ
● പണം കൈക്കലാക്കാൻ ഇഡിയെ ഉപയോഗിച്ചതായും പരാതിക്കാ
ബെംഗ്ളുറു: (KVARTHA) ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർക്കെതിരെ ബെംഗ്ളുറു പൊലീസ് കേസെടുത്തു. കോടതി ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് തിലക്‌നഗർ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബെംഗ്ളൂറിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണം ആരംഭിക്കാൻ വെള്ളിയാഴ്ച പൊലീസിനോട് നിർദേശിച്ചിരുന്നു. ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് ജനാധികാര സംഘർഷ് സംഘതനിലെ (ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് കേസ്.
നിർമല സീതാരാമൻ, എൻഫോഴ്സ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇഡി), ജെപി നദ്ദ, ബിജെപി കർണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, നേരത്തെ സംസ്ഥാന ബിജെപി അധ്യക്ഷനും ദക്ഷിണ കന്നഡയിൽ നിന്നുള്ള എംപിയുമായിരുന്ന മുതിർന്ന നേതാവ് നളീൻ കുമാർ കട്ടീൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നിർമല സീതാരാമനും ഇഡി ഉദ്യോഗസ്ഥരും ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ കൊള്ളയടിച്ചുവെന്നും 8,000 കോടി രൂപയിലേറെ സ്വന്തമാക്കിയെന്നും അയ്യർ ആരോപിച്ചു. നദ്ദ, കട്ടീൽ, വിജയേന്ദ്ര, പാർട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളിലെ മറ്റ് ഭാരവാഹികൾ എന്നിവരുടെ ഒത്താശയോടെയാണ് പണം തട്ടിയതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
നിർമല സിതാരാമൻ ഇഡിയെ ഉപയോഗിച്ച് വിവിധ കോർപ്പറേറ്റുകളിലും അവരുടെ സിഇഒമാരെയും എംഡിമാരെയും റെയ്ഡ് ചെയ്ത് പിടികൂടുകയും അറസ്റ്റ് ചെയ്യുകയും, ഈ റെയ്ഡുകളിലൂടെ ഭയപ്പെടുത്തി, നിരവധി കോർപ്പറേറ്റുകളെയും പണക്കാരായ വ്യക്തികളെയും നിർബന്ധിച്ച് കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം. ഈ ബോണ്ടുകൾ നദ്ദ, കട്ടീൽ, വിജയേന്ദ്ര തുടങ്ങിയവർ പണമാക്കി മാറ്റിയെന്നും അയ്യർ പറയുന്നു.
അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള സ്റ്റെർലൈറ്റ് വേദാന്ത കമ്പനിയിൽ ഇഡി നിരവധി തവണ റെയ്ഡ് ചെയ്തിരുന്നു എന്നാണ് ഒരു പരാതിയിൽ ആരോപിക്കുന്നത്. ഈ റെയ്ഡുകൾക്ക് ശേഷം, 2019 ഏപ്രിൽ, 2022 ഓഗസ്റ്റ്, 2023 നവംബർ എന്നീ മാസങ്ങളിൽ കമ്പനി 230.15 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
അതുപോലെ, അരബിന്ദോ ഫാർമയുമായി ബന്ധപ്പെട്ട കേസും പരാതിയിൽ വിവരിച്ചിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരുടെ റെയ്നുകൾക്കും പിടിച്ചെടുക്കലിനും അറസ്റ്റിനും വിധേയമായതിനെ തുടർന്ന്, അരബിന്ദോ ഫാർമ ഗ്രൂപ്പ് കമ്പനികൾ 2023 ജനുവരി 5, 2022 ജൂലൈ 2, 2022 നവംബർ 15, 2023 നവംബർ 8 എന്നീ തീയതികളിൽ 49.5 കോടി രൂപയ്ക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരൻ ആദ്യം 2024 മാർച്ച് 30 ന് തിലക്‌നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിലിൽ ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപിയെ സമീപിച്ചു. ഈ പരാതിയിലും നടപടിയൊന്നും ഉണ്ടാകാതായപ്പോഴാണ് കോടതിയെ സമീപിച്ചത്.
#NirmalaSitharaman #BJP #ElectoralBonds #Corruption #India #PoliticalScandal