Criticism | കേരളത്തിലെ മാധ്യമങ്ങൾ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി; കെ യു ഡബ്ല്യു ജെ സംസ്ഥാന സമ്മേളനം സമാപിച്ചു
● മാധ്യമങ്ങൾ വിവാദങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
● ദേശീയ മാധ്യമങ്ങൾ വികസനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നു.
● മുഖ്യമന്ത്രി സ്വദേശാഭിമാനി, ഗാന്ധി എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
കൊച്ചി: (KVARTHA) വിവാദങ്ങൾക്ക് പിന്നാലെ പോയി കേരളത്തിലെ മാധ്യമങ്ങൾ അധപതനത്തിൻ്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണോയെന്ന കാര്യം അവർ തന്നെ സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (KUWJ) സംസ്ഥാന സമ്മേളനം എറണാകുളം പാലാരിവട്ടത്തെ റിനെ കൊളേസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾക്ക് എല്ലാം ബ്രേക്കിങ് ന്യൂസാണ്. ഇങ്ങനെ ചാടിപ്പുറപ്പെടുമ്പോൾ പല തെറ്റുകളും സംഭവിച്ചേക്കാം. അക്ഷര പിശകും വ്യാകരണ പിശകുമാണ് പത്രങ്ങൾക്ക് സംഭവിക്കുന്നതെങ്കിൽ ദൃശ്യമാധ്യമങ്ങൾക്കുണ്ടാവുന്നത് അതിലും ഗുരുതരമാണ്. തങ്ങൾക്കുള്ളതുപോലെ മറ്റുള്ളവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന കാര്യം മാനിക്കണം. വിമർശനങ്ങൾ മാധ്യമങ്ങൾക്കു നേരെയാവുമ്പോൾ അവർ തെറ്റുതിരുത്താനുള്ള ക്രിയാത്മക സമീപനം സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വികസന കാര്യങ്ങൾ കൂടുതൽ റിപ്പോർട്ടുചെയ്യുന്നത് ദേശീയ മാധ്യമങ്ങളാണ്. കേരളത്തിലെ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ കാണുന്നതെയില്ലെന്ന് വേണം പറയാം. കൊച്ചിയിലെ ബ്രഹ്മഗിരി മാലിന്യ വിഷയം കൊച്ചിയിൽ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് നമുക്ക് അറിയാം. എത്രമാത്രം വാർത്തകൾ കൊടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഒന്നും കാണുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൻ്റെ പുരോഗതിക്കായി മാധ്യമപ്രവർത്തനം നടത്തിയ മഹാൻമാരായിരുന്നു സ്വദേശാഭിമാനിയും മഹാത്മ ഗാന്ധിയും. തിരുവിതാംകൂർ ദിവാനെതിരെ തൻ്റെ തൂലിക പടവാളാക്കിയതിനാണ് സ്വദേശാഭിമാനി കണ്ണൂരിലേക്ക് നാടുകടത്തപ്പെട്ടത്. വളരെ ചെറിയ പ്രായത്തിൽ തൻ്റെ മുപ്പത്തിയെട്ടാമത്തെ വയസിലാണ് സ്വദേശാഭിമാനി മരണമടഞ്ഞത്. തനിക്ക് ബോധ്യമല്ലാത്ത അസത്യങ്ങൾ എഴുതില്ലെന്ന നിർബന്ധ ബുദ്ധിയുള്ള പത്രാധിപരായിരുന്നു മഹാത്മ ഗാന്ധി. മാധ്യമരംഗം ഇന്ന് സോഷ്യൽ മീഡിയയൊക്കെയായി വളർന്നുവെങ്കിലും മൂല്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് വിനീത അധ്യക്ഷയായി. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി. ഉമാതോമസ് എംഎൽഎ , ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ.എൻ ദിനകരൻ, സി.ജി രാജഗോപാൽ,ആർ. കിരൺ ബാബു തുടങ്ങിയവർ സംസാരിച്ചു. ആർ. ഗോപകുമാർ നന്ദി പറഞ്ഞു. സംസ്ഥാന സമ്മേളനം പ്രൗഢമായി സമാപിച്ചു.
#Kerala #media #development #PinarayiVijayan #KUWJ #news #controversy