Climate Change | കാലാവസ്ഥാ വ്യതിയാന പഠനത്തില്‍ പ്രവാസികളുടെ പങ്ക് ആവശ്യമെന്ന് മുഖ്യമന്ത്രി

 
Climate Change
Climate Change

Photo - Arranged

സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: (KVARTHA ) കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്. ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാനും ഇടപെടലുണ്ടാകണമെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) 14-ാമത് ബൈനിയല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്രം വരെ മലയാളി സാനിധ്യം ലോകത്തെല്ലായിടത്തും കാണാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വയനാട് ദുരന്തത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുനര്‍നിര്‍മാണത്തില്‍ സംഘടനയുടേതായ പങ്ക് വഹിക്കാന്‍ തയ്യാറായതിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഡബ്ല്യു.എം.സിക്ക് ചെയ്യാന്‍ കഴിയും. അക്കാര്യം പരിഗണിക്കാന്‍ സംഘടന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ വീടുകള്‍ നിര്‍മിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കുവഹിക്കാമെന്ന് സമ്മതിച്ചതിന് നന്ദിപൂര്‍വം സ്മരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള സംഘടന പ്രവാസി മലയാളി ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായും, നടന്റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയുന്ന ഇടപെടലുകളും നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ തൊഴില്‍, യാത്ര, വിമാനക്കൂലി വര്‍ദ്ധനവ് എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, ചിലത് പരിഹരിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു.എം.സി. വ്യവസായിക മുന്നേറ്റത്തിനുള്ള ഇടപെടലും ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള പൊതുവേദി എന്ന നിലയില്‍ ലോകകേരളസഭ സര്‍ക്കാര്‍ രൂപീകരിച്ചതാണെന്നും, പ്രവാസികളുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഹോട്ടല്‍ ഹയാത്ത് റീജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ ലോകകേരള സഭ ആഗോള പ്രസിഡന്റ് ജോണ്‍ മത്തായി അധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു.എം.സി എന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്.

വയനാട് ദുരന്തബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം സംഘടനയുടെ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്കും, സാഹിത്യ പുരസ്‌ക്കാരം കവി പ്രഭാവര്‍മയ്ക്കും, ബിസിനസ് എക്‌സലന്റ് അവാര്‍ഡ് എ. ഭുവനേശ്വരിക്കും, എം.പി അഹമ്മദിനും, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാരം എം.എസ് ഫൈസല്‍ ഖാനും, ചലച്ചിത്ര പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്കും മുഖ്യമന്ത്രി കൈമാറി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കെഎസ്‌ഐഡിസി മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്‍, പി.എ സല്‍മാന്‍ ഇബ്രാഹിം, പി.എം നായര്‍, രാജേഷ് പിള്ള, ഷൈന്‍ ചന്ദ്രസേനന്‍, ജോണ്‍സണ്‍ തലച്ചല്ലൂര്‍, കെ.പി കൃഷ്ണകുമാര്‍, ജോളി എം. പടയാറ്റില്‍, ജോളി തടത്തില്‍, ഡോ. കെ.ജി വിജയലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ജെറോ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia