Criticism | സ്വർണക്കടത്തും മലപ്പുറം വിവാദവും; ഈ ഗൂഢാലോചന തുടങ്ങിയിട്ട് കൊല്ലം 20 ആയി!
● അഭിമുഖത്തിൽ പി ആർ. ഏജൻസിയുടെ പങ്ക് വിവാദമായി
● സർക്കാരിന് പി ആർ ഏജൻസിയില്ലെന്ന് മുഖ്യമന്ത്രി
കെ ആർ ജോസഫ്
(KVARTHA) സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവെന്ന തരത്തിലുള്ള ചില പരാമർശങ്ങൾ കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. എന്നാൽ ദി ഹിന്ദു പത്രത്തിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചില പരാമർശങ്ങൾ അദ്ദേഹം പറഞ്ഞതല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് പത്രാധിപർക്ക് കത്തയക്കുകയായുമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും, രാജ്യവിരുദ്ധം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
തുടർന്ന് ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശദീകരണവും വരികയുണ്ടായി. കൈസൺ എന്ന ദേശീയ പി ആർ ഏജൻസിയാണ് മുഖ്യന്ത്രിയുടെ അഭിമുഖ ആവശ്യവുമായി ഹിന്ദു പത്രത്തെ സമീപിച്ചത്. ഇതേ പി ആർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഹിന്ദു ലേഖിക ശോഭന കെ നായർ മുഖ്യമന്ത്രിയുടെ അഭിമുഖമെടുക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതേ പി ആർ ഏജൻസി എഴുതിനൽകിയത് പ്രകാരമാണ് അഭിമുഖത്തിൽ ചേർത്തത് എന്നാണ് ഹിന്ദു പത്രം വ്യക്തമാക്കിയത്.
എന്തായാലും മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നതോ ഈ വിവാദമോ എന്തുമാകട്ടെ. മലപ്പുറം ജില്ലയെ വേർതിരിച്ച് ഒറ്റപ്പെടുത്തി ഗൂഡാലോചന നടത്തുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് വ്യക്തം. അത് 20 വർഷം മുൻപ് തൊട്ടേ ആരംഭിച്ചതാണെന്നും അന്ന് അതിന് ചുക്കാൻ പിടിച്ചത് വി.എസ്. അച്യുതാനന്ദൻ ആണെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ഈ അവസരത്തിൽ ആബിദ് അടിവാരം എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്ന ചില ഭാഗങ്ങൾ: സ്വർണ്ണക്കടത്ത് ഇന്ത്യയിൽ ഉടനീളം നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സ്വർണ്ണം പിടിച്ച വാർത്തകൾ വരുന്നത് ഗുജറാത്തിൽ നിന്നാണ്. കേരളത്തിലും എല്ലാ എയർപോർട്ടുകളിലും സ്വർണ്ണം പിടിക്കാറുണ്ട്. എല്ലാ ജില്ലക്കാരും പ്രതികളാകാറുണ്ട്. മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന ഈ ഗൂഢാലോചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല തവണ പല വിഷയങ്ങളിൽ അത് വ്യക്തമായതാണ്.
എന്നാൽ ഔദ്യോഗിക തലത്തിൽ മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് പിണറായി വിജയനാണ്. മലപ്പുറത്ത് കൃത്രിമമായി കേസുകൾ കുന്നുകൂട്ടാനുള്ള ജില്ലാ പോലീസ് മേധാവി സുജിത് ദാസിൻറെ ശ്രമങ്ങൾ പല തവണ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും ശ്രദ്ധയിൽ പെടുത്തിയപ്പോൾ എന്ത് കൊണ്ട് വിജയൻ മൗനം പാലിച്ചു എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്നത്തെ പ്രസ്താവന.
ഓർക്കണം, മൂന്നര വർഷത്തിനിടക്ക് കേരളത്തിലെ മറ്റ് പോലീസ് മേധാവികളെയെല്ലാം പല തവണ സ്ഥലം മാറ്റിയ വിജയനാണ് ഇത്ര ദർഘമായ കാലം സുജിത് ദാസിനെ തുടരാൻ അനുവദിച്ചത്. 20 വർഷം കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കി മാറ്റാൻ ചില സംഘടനകൾ ശ്രമിക്കുന്നു, അതിന് വേണ്ടി ലവ് ജിഹാദ് നടത്തുന്നു എന്ന ആരോപണം ഉന്നയിക്കാൻ വിഎസ് അച്യുതാനന്ദൻ തെരഞ്ഞെടുത്തത് ഡൽഹിയാണ്.
ഇന്ത്യ മുഴുവനും സംഘികൾ ആ പ്രസ്താവന ആഘോഷിച്ചു.
യോഗിയും അമിത്ഷായും വരെ അതേറ്റെടുത്തു. ആ പ്രസ്താവന തെറ്റായിരുന്നു എന്ന് വിഎസ് ഒരിക്കലും പറഞ്ഞിട്ടില്ല. വിഎസിനെ പലകാര്യത്തിലും തിരുത്തിയ സിപിഎം ഈ പ്രസ്താവനയുടെ പേരിൽ വിഎസിനെ വിമർശിച്ചിട്ട് പോലുമില്ല. സമാനമാണ് വിജയന്റെ നീക്കവും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബിജെപിയിൽ ലയിച്ചു ചേർന്ന ത്രിപുര-ബംഗാൾ മോഡൽ തന്നെയാണ് കേരളത്തിലും നടക്കാൻ പോകുന്നത്. ഇനി മലപ്പുറത്തെയും മുസ്ലിംകളെയും കേന്ദ്രീകരിച്ചുള്ള വിവാദങ്ങളിലേക്ക് സംസ്ഥാനം നീങ്ങും.
ലീഗിന്റെ എ ആർ നഗർ ബാങ്കിലെ ഡെപ്പോസിറ്റ് വിവാദവും മുനമ്പം വഖഫ് ഭൂമി സമരവുമൊക്കെ ബിജെപി-സിപിഎം കൂട്ടുകെട്ട് ഏത് രീതിയിൽ പ്രയോജനപ്പെടുത്താൻ പോകുന്നു എന്ന് കാത്തിരുന്ന് കാണുക. ഇവർക്കെതിരെ ഫലപ്രദമായ രാഷ്ട്രീയ പ്രതിരോധം തീർത്തില്ലെങ്കിൽ വർഗ്ഗീയ വാദികളും ഗുണ്ടകളും ഭരിക്കുന്ന മാഫിയാ കേന്ദ്രമായി കേരളം മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട'.
ഇതാണ് ആ പോസ്റ്റ്. രണ്ടാം ടേമിൽ മുസ്ലിംകളെ പ്രലോഭിപ്പിച്ചു, ഇനി അവരെ കൊണ്ട് മൂന്നാം ടേമം പറ്റില്ലാ എന്ന് കണ്ട് ഹിന്ദുക്കളെ കൂട്ട് പിടിക്കാൻ പോകുന്നുവെന്നാണ് ആക്ഷേപം. എന്തുകൊണ്ട് ഇടതുപക്ഷ സർക്കാർ ഒരു ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ എഡിജിപി ആയി നിലനിർത്തുന്നു എന്നതിന് ഉത്തരമില്ല. മറ്റൊരു തസ്തികയിലേക്ക് മാറ്റാനും താല്പര്യമില്ല. തെറ്റുപറ്റിയാൽ തിരുത്തണം. അതാണ് കമ്മ്യൂണിസം . പാവപ്പെട്ട ജനങ്ങളും സാധാരണ സഖാക്കളുമാണ് ആ പാർട്ടിയുടെ കരുത്ത്. ജനങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു പോയിട്ടുണ്ട്. ഇനിയും അത് പരിശോധിച്ചിട്ടില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ നമ്മുടെ കേരളത്തിൽ സംഭവിക്കും.
കൈസൺ എന്ന ദേശീയ പി ആർ ഏജൻസിയാണ് മുഖ്യന്ത്രിയുടെ അഭിമുഖ ആവശ്യവുമായി ഹിന്ദു പത്രത്തെ സമീപിച്ചതെന്നാണ് പറയുന്നത്. ഇതേ പി ആർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഹിന്ദു ലേഖിക ശോഭന കെ നായർ മുഖ്യമന്ത്രിയുടെ അഭിമുഖമെടുക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതേ പി ആർ ഏജൻസി എഴുതിനൽകിയത് പ്രകാരമാണ് അഭിമുഖത്തിൽ ചേർത്തത് എന്നാണ് ഹിന്ദു പത്രം വിശദീകരിക്കുന്നത്. അപ്പോൾ ഒന്ന് ചോദിക്കട്ടെ ഈ പിആർ ഏജൻസിക്ക് കാശ് കൊടുക്കുന്നത് ആരാണ്?.
മുഖ്യമന്ത്രി ഒരു പത്രവുമായി സംസാരിക്കുമ്പോൾ അവിടെ എന്തിനാണ് പി ആർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം?. സംസ്ഥാന സർക്കാരിന് സ്വന്തമായി ഒരു പി ആർ സംവിധാനവും മുഖ്യമന്ത്രിക്ക് വേണ്ടി പ്രസ് സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവും ഉണ്ടായിരിക്കെ എന്തിനാണ് പി ആർ ഏജൻസിയെ ഉപയോഗിക്കുന്നത്?
അതേസമയം, സർക്കാരിന് പി.ആർ. ഏജൻസിയില്ലെന്നും ഒരു പി.ആർ.ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി ഒരു പണവും ആർക്കും കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖത്തിനായി സമീപിച്ചത് പി ആർ ഏജൻസിയല്ല, ഒരു പരിചയക്കാരനാണ്. ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിൻ്റെ മകനായിരുന്നു അത്. അഭിമുഖം പ്രസിദ്ധീകരിച്ചുവന്നപ്പോൾ താൻ പറയാത്ത കാര്യം വന്നു. അഭിമുഖത്തിനെത്തിയ രണ്ടാമൻ ആരെന്ന് അറിയില്ല. ലേഖികയ്ക്ക് ഒപ്പമുള്ള ആളെന്ന് കരുതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്തുതന്നെയായാലും കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആശങ്കകൾ ശക്തമാണ്. കേരളത്തിന്റെ സാമൂഹിക സമാധാനത്തെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് വികസനവും പുരോഗതിയുമാണ് ആവശ്യമെന്ന് ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കുക.
#KeralaPolitics, #GoldSmuggling, #PinarayiVijayan, #Controversy, #SocialIssues, #CommunalTension