Criticism | സിപിഎം ആര്‍എസ്എസിനോട് എന്തിനാണ് മൃദു സമീപനം സ്വീകരിക്കുന്നത്?
● പ്രതിപക്ഷവും സിപിഐയും ഒരുപോലെ നില്‍ക്കുന്നു
● പിവി അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പലവിധത്തിലാണ് ബാധിക്കുന്നത്
ദക്ഷാ മനു
(KVARTHA) സിപിഎം ഇതുവരെ നേരിടാത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിപക്ഷവും സിപിഐയും ഒരുപോലെ നില്‍ക്കുന്നു. പിവി അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പലവിധത്തിലാണ് ബാധിക്കുന്നത്. ന്യൂനപക്ഷങ്ങളെയാകെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന രീതിയിലാണ് അന്‍വര്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. മറുവശത്ത് പിആര്‍- മലപ്പുറം വിവാദങ്ങളില്‍ മുഖ്യമന്ത്രിയും ഓഫീസും വലിയ പ്രശ്‌നത്തിലാണ് അകപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ മലപ്പുറം ജില്ലയ്‌ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്ന ഭാഗം ഹിന്ദുവിലെ അഭിമുഖത്തില്‍ വരാനിടയില്ല.
അഭിമുഖത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചെന്ന് പറയുന്ന സുബ്രഹ്‌മണ്യന്‍ ഇടപെട്ടാണ് മലപ്പുറത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ എഴുതിക്കൊടുത്തെങ്കില്‍ അതിനെതിരെ അന്വേഷണം നടത്തേണ്ടേ? മതസ്പര്‍ദ്ധ വളര്‍ത്തുന്ന ആക്ഷേപങ്ങളാണ് കൂട്ടിച്ചേര്‍ത്ത ഭാഗത്ത് പറയുന്നത്. ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കുന്ന പത്രക്കുറിപ്പ് കഴിഞ്ഞമാസം പകുതിയോടെ ഡല്‍ഹിയിലെ പല മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. അതിന് തലേദിവസം പൊലീസിന്റെ വെബ്‌സൈറ്റിലും ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതാരാണെന്ന് അന്വേഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് ആരുടെയോ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. അത് മുഖ്യമന്ത്രിയെയും പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുകയാണ്.
പൂരംകലക്കിയത് ആര്‍എസ്എസ് ആണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യം ദേശാഭിമാനിയിലെ വാര്‍ത്തകളിലെങ്ങും കണ്ടില്ല. ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് പങ്കുണ്ടെന്ന ആക്ഷേപം സ്ഥിരീകരികരിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും ദേശാഭിമാനിയില്‍ കണ്ടില്ല. മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമമുണ്ടായി, കുത്സിത നീക്കം നടത്തി. ഇത് ഇനിയും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും വിജയം തങ്ങള്‍ക്ക് അനുകൂലമാക്കാനും നോക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ ആര്‍എസ്എസിന്റെ പേര് പറയാതെയാണ് വെള്ളിയാഴ്ച ഇറങ്ങിയ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയ്‌ക്കെതിരെ ആര്‍എസ്എസും ബിജെപിയും ഉന്നയിക്കുന്ന അതേ ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദുവില്‍ അച്ചടിച്ചുവന്നത്. പൂരം വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടലിനെ കുറിച്ച് വിഎസ് സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതാണ്, അതിന് വേണ്ടത്ര ഗൗരവം കൊടുത്തില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല.
എഡിജിപി എം.ആര്‍ അജിത് കുമാര്‍ സംഘപരിവാര്‍ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കണ്ടെന്ന വിവരം പ്രതിപക്ഷനേതാവ് വെളിപ്പെടുത്തിയതിന് ശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ആ റിപ്പോര്‍ട്ടാകട്ടെ എഡിജിപിയെ രക്ഷിക്കാന്‍ അദ്ദേഹം തന്നെ തയ്യാറാക്കിയതായിരുന്നു. സംഘപരിവാറുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങളില്‍ അവര്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത് എന്തുകൊണ്ട്?
എഡിജിപി ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി കണ്ടത് നിയമപരമായി തെറ്റല്ലെങ്കിലും രാഷ്ട്രീയമായി ശരിയല്ലാത്ത കാര്യമാണെന്നാണ് ഉയരുന്ന അഭിപ്രായം. അത് സമ്മതിക്കാനോ, നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന ന്യായമാണ് നിരത്തുന്നത്. ഇങ്ങിനെയെങ്കില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിരവധി ഔദ്യോഗിക രഹസ്യങ്ങളും പല രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള കേസുകളുടെയും മറ്റും വിവരങ്ങളറിയാം. ആ നിലയ്ക്ക് രഹസ്യകൂടിക്കാഴ്ച നടത്തിയത് ശരിയായ കാര്യമല്ല. ഇക്കാര്യം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയഗൗരവമുള്ള കാര്യമാണ്.
പിവി അന്‍വര്‍ സിപിഎമ്മിനൊപ്പം ഉണ്ടായിരുന്നപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്നത് അടക്കമുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രിയും നേതാക്കളും ഓശാനപാടിയതാണ്. പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചപ്പോള്‍ അയാള്‍ മതമൗലികവാദിയായി, സ്വര്‍ണക്കടത്തുകാരനായി. ഇതൊന്നും ജനംവിശ്വസിക്കില്ലെന്ന് മാത്രമല്ല, ആര്‍എസ്എസിനെ സുഖിപ്പിക്കാനുള്ള തന്ത്രമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അന്‍വറിന്റെ പരിപാടിളില്‍ പങ്കെടുക്കുന്നത് എസ്ഡിപിഐക്കാരാണെന്നാണ് മറ്റൊരു ആക്ഷേപം. ഇവിടെ ഇത്രയും എസ്.ഡി.പിഐക്കാരുണ്ടോ എന്ന് ആര്‍ക്കും സംശയം തോന്നാം. അഥവാ അങ്ങനെയുണ്ടായെങ്കില്‍ അതിനുത്തരവാദി സിപിഎമ്മുകൂടിയാണ്.
ജമാത്തെ ഇസ്ലാമിക്കാരും അന്‍വറിനൊപ്പമുണ്ട്, അവര്‍ മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് എന്നാണ് എംവി ഗോവിന്ദന്റെ വാദം. അങ്ങനെയെങ്കില്‍ ആര്‍എസ്എസോ, അവരും ഇതേ വാദമല്ലേ ഉയര്‍ത്തുന്നത്. ആര്‍എസ്എസ് വലിയ സംഘടനയാണെന്നും അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തെറ്റില്ലെന്നുമാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞത്. മന്ത്രി സജി ചെറിയാനും ഇതേ നിലപാട് സ്വീകരിച്ചു. സംഘപരിവാറിനോട് എന്തിനാണ് സഖാക്കള്‍ ഇത്ര മൃദുസമീപനം സ്വീകരിക്കുന്നത്, ജനങ്ങള്‍ക്ക് ഇതറിയാം. അവരിതിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും പലരും പറഞ്ഞിട്ടുണ്ട്.
#CPM #RSS #KeralaPolitics #PValwar #PoliticalCrisis #Elections