Abhishek Sharma | രോഹിതിന്റെ ആ റെക്കോർഡ് തകർന്നു; അഭിഷേക് ശർമ കുറിച്ചത് നിരവധി ചരിത്രങ്ങൾ; രണ്ടാമത്തെ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടം 

 

 
abhishek sharma breaks many records by maiden century in 2nd
abhishek sharma breaks many records by maiden century in 2nd


സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20യിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനായും മാറി 

ഹരാരെ: (KVARTHA) സിംബാബ്‌വെയ്‌ക്കെതിരായ (Zimbabwe) ആദ്യ ട്വന്റി20 (T20I) മത്സരത്തിൽ അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റം കുറിച്ച ഓപ്പണർ അഭിഷേക് ശർമ (Abhishek Sharma) രണ്ടാം ടി20യിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 47 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതം 100 റൺസാണ് താരം നേടിയത്. ഇന്ത്യക്കായി അഭിഷേകിൻ്റെ ആദ്യ സെഞ്ചുറിയാണിത്. ശനിയാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു.

ഇതോടെ, സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20യിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് (Most Runs) നേടിയ ബാറ്റ്‌സ്മാനായും അഭിഷേക് മാറി. അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളിൽ സെഞ്ച്വറി നേടുന്ന ബാറ്റ്‌സ്മാനായും ചരിത്രം കുറിച്ചു. അഭിഷേക് ശർമ്മയുടെ സെഞ്ചുറിയുടെ ബലത്തിൽ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെ 100 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 1-1ന് സമനിലയിലുമാക്കി.

ദീപക് ഹൂഡയെ പിന്നിലാക്കി

അഭിഷേക് തൻ്റെ മിന്നുന്ന ഇന്നിംഗ്‌സിലൂടെ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയതിനു പുറമേ, ടി20യിലെ ഏറ്റവും കുറവ് ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയതിൻ്റെ കാര്യത്തിൽ ദീപക് ഹൂഡയെ (Deepak Hooda) പിന്നിലാക്കി. ഇന്ത്യക്കായി ഈ ഫോർമാറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി വെറും രണ്ട് മത്സരത്തിലാണ് അഭിഷേക് നേടിയത്. നേരത്തെ, തൻ്റെ മൂന്നാം ടി20 മത്സരത്തിൽ ആദ്യ സെഞ്ച്വറി നേടിയ ദീപക് ഹൂഡയുടെ പേരിലായിരുന്നു ഈ റെക്കോർഡ്, കെഎൽ രാഹുൽ തൻ്റെ നാലാം ഇന്നിംഗ്സിലാണ് ഈ നേട്ടം കൈവരിച്ചത്,

സിക്‌സറുകളും ചരിത്രമെഴുതി 

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ എട്ട് സിക്‌സറുകൾ അടിച്ച് സിക്‌സറുകളുടെ കാര്യത്തിൽ അഭിഷേക് രോഹിതിനെ പിന്നിലാക്കി, ഇതോടെ ഒരു വർഷം ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാനായി. ഈ വർഷം ഇതുവരെ അഭിഷേക് 47 സിക്‌സറുകൾ പറത്തിയപ്പോൾ, അടുത്തിടെ തൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയെ ടി20 ലോകകപ്പ് ചാമ്പ്യനാക്കിയ രോഹിത് ശർമ്മ 46 സിക്‌സറുകൾ അടിച്ചിരുന്നു. കൂടാതെ ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം അഭിഷേക് രണ്ടാം വിക്കറ്റിൽ 137 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി, ഇത് സിംബാബ്‌വെയ്‌ക്കെതിരായ ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

മൂന്നാമത്തെ വേഗമേറിയ സെഞ്ച്വറി

അഭിഷേക് 46 പന്തിലാണ് സെഞ്ച്വറി നേടി, ഇത് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയുടെ പേരിലാണ് ഈ ഫോർമാറ്റിൽ കുറഞ്ഞ പന്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ്. 2023ൽ ശ്രീലങ്കയ്‌ക്കെതിരെ 45 പന്തിൽ സൂര്യകുമാർ യാദവ് സെഞ്ച്വറി നേടിയിരുന്നു. അഭിഷേകിന് പുറമെ 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെ കെ എൽ രാഹുലും 46 പന്തിൽ സെഞ്ച്വറി തികച്ചു. 

സെഞ്ച്വറി നേടുന്ന നാലാമത്തെ യുവ ബാറ്റ്‌സ്മാൻ 

23 വയസും 307 ദിവസവും പ്രായമുള്ളപ്പോഴാണ് ഇപ്പോൾ ടി20യിൽ ഇന്ത്യക്കായി അഭിഷേക് സെഞ്ച്വറി നേടിയിരിക്കുന്നത്. ഇതോടെ സെഞ്ച്വറി നേടുന്ന നാലാമത്തെ യുവ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് അദ്ദേഹം. 2023ൽ നേപ്പാളിനെതിരെ 21 വർഷവും 279 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിൻ്റെ പേരിലാണ് റെക്കോർഡ്. ശുഭ്മാൻ ഗിൽ, സുരേഷ് റെയ്ന എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ 23 വർഷവും 146 ദിവസവും പ്രായമുള്ളപ്പോൾ ഗിൽ സെഞ്ച്വറി നേടിയപ്പോൾ 2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 വയസും 156 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു റെയ്‌നയുടെ നേട്ടം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia