Test | ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ
സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുമ്രയായിരുന്നു വൈസ് ക്യാപ്റ്റൻ. എന്നാൽ ഈ പരമ്പരയിൽ ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
മുമ്പ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കെഎൽ രാഹുലും റിഷഭ് പന്തും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഇവരെയും വൈസ് ക്യാപ്റ്റനാക്കിയിട്ടില്ല. ബിസിസിഐ നേരത്തെ ബുമ്രയാണ് ടീമിന്റെ നേതൃത്വത്തിലുള്ള താരമെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഗ്രൗണ്ടിൽ രോഹിത് ശർമ ഇല്ലാത്ത സാഹചര്യത്തിൽ ടീമിനെ നയിക്കേണ്ടത് ആരാണെന്ന ചോദ്യം ഉയർന്നുവരുന്നു.
ഇതുവരെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാത്തതിന് കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും വാർത്താസമ്മേളനം നടത്തുമ്പോൾ ഈ വിഷയം കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുലീപ് ട്രോഫി മത്സരങ്ങൾക്ക് ശേഷമാണ് ടീം പ്രഖ്യാപിച്ചത്. കാർ അപകടത്തിൽ പരിക്കേറ്റത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ, ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി ഈ ടീമിൽ ഇല്ല. പകരം, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനായി കളിക്കുന്ന യാഷ് ദയാലാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.