ടെലിവിഷൻ-ഡിജിറ്റൽ സംപ്രേഷണവകാശ വില്പനയും ടൈറ്റിൽ സ്പോൺസർഷിപ്പും വരുമാന വർധനവിന് കാരണം.
ചെന്നൈ:(KVARTHA) 2023-ലെ ഐപിഎൽ (Indian Premier League) ബിസിസിഐക്ക് വൻ ലാഭം നേടിക്കൊടുത്തു. മുൻ വർഷത്തെ അപേക്ഷിച്ച് 2023-ലെ ഐപിഎല്ലിൽ നിന്നുള്ള ബിസിസിഐയുടെ ലാഭം 113 ശതമാനം വർധിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
2022-ൽ 2367 കോടി രൂപ ലാഭം നേടിയ ബിസിസിഐ, 2023-ൽ 5120 കോടി രൂപയായി ലാഭം വർധിപ്പിച്ചു. ബിസിസിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ്.
ഐപിഎല്ലിൽ നിന്നുള്ള ആകെ വരുമാനത്തിലും 2023-ൽ ഗണ്യമായ വർധനവുണ്ടായി. 2023-ലെ ആകെ വരുമാനം 11,769 കോടിയായി. ടെലിവിഷൻ-ഡിജിറ്റൽ സംപ്രേഷണവകാശ വില്പനയും ടൈറ്റിൽ സ്പോൺസർഷിപ്പും പുതുക്കിയതാണ് വരുമാന വർധനവിന് കാരണം.
2023 മുതൽ അഞ്ച് വർഷത്തേക്കുള്ള ടിവി സംപ്രേഷണവകാശം സ്റ്റാർ സ്പോർട്സ് 23,575 കോടി രൂപക്കും ഡിജിറ്റൽ സംപ്രേഷണ അവകാശം ജിയോ സിനിമ 23,758 കോടി രൂപക്കുമാണ് സ്വന്തമാക്കിയത്. ടാറ്റാ സണ്‍സ് ഐപിഎൽ ടൈറ്റിൽ അവകാശം 2500 കോടി രൂപക്കാണ് അഞ്ച് വർഷത്തേക്ക് പുതുക്കിയത്.