Milestone | ഹിറ്റ്മാൻ യുഗത്തിന് 10 വർഷം; കൊടുങ്കാറ്റുകളെ ബാറ്റിലൊളിപ്പിച്ച് രോഹിത്
● ശ്രീലങ്കയ്‌ക്കെതിരെ 264 റൺസുമായി റെക്കോർഡ് കുറിച്ചു.
● രോഹിത് ഏകദിന ക്രിക്കറ്റിൽ ഒന്നിലധികം ഡബിൾ സെഞ്ചുറി നേടിയ ഏക ക്രിക്കറ്ററാണ്.
● സച്ചിൻ ടെണ്ടുൽക്കർ ആണ് ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചറി നേടിയത്.
(KVARTHA) രോഹിത് ഗണപത് ശർമ്മയെന്ന ഇന്ത്യയുടെ ഹിറ്റ്മാൻ ഏകദിന ക്രിക്കറ്റിന്റെ കൊടുമുടിയിൽ കയറിയിട്ട് നവംബർ 13ന് 10 വർഷം. തികയുന്നു. 2014 ൽ ഇതേ ദിവസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ ഓരോ പുൽത്തരികളെയും ആവേശം കൊള്ളിച്ചു കൊണ്ട്, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആവേശത്തിന്റെ പൂത്തിരി കത്തിച്ച വെടിക്കെട്ട് ഇന്നിംഗ്സ് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ 173 പന്തിൽ 33 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ 152.6 സ്ട്രൈക്ക് റേറ്റിൽ നേടിയ 264 റൺസ് ഇന്നും ഭേദിക്കപ്പെടാത്ത റെക്കോർഡ് ആയി തുടരുന്നു.
ഏകദിന ക്രിക്കറ്റിൽ ഒന്നിലേറെ ഡബിൾ സെഞ്ചുറികളുടെ (മൂന്ന് എണ്ണം) ഉടമയായ ഏക ക്രിക്കറ്ററും കൂടിയാണ് രോഹിത്. 1971 ജനുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ഉള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം മൂന്ന് ദിവസം മഴയിൽ ഒലിച്ചുപോയി. ടെസ്റ്റ് റദ്ദ് ചെയ്തപ്പോൾ നിരാശരായ കാണികളെ സമാശ്വസിപ്പിക്കാനാകാതെ ഇരു ടീമുകളും 40 ഓവർ വീതമുള്ള പരിമിത ക്രിക്കറ്റ് കളിക്കാൻ ജനുവരി അഞ്ചിന് എടുത്ത തീരുമാനമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ തുടക്കം. ഏകദിന ക്രിക്കറ്റ് ഈ വർഷം 50 വർഷം പൂർത്തിയാക്കി.
തിരിഞ്ഞു നോക്കിയാൽ അത്ഭുതകരമായ പല ബാറ്റിംഗ് റെക്കോർഡുകളും നമുക്ക് കാണാവുന്നതാണ്. ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി അടിക്കുക എന്നു പറഞ്ഞാൽ തന്നെ അത്ഭുതമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് സെഞ്ചുറി എന്നത് സാദാ സംഭവവും ഡബിൾ സെഞ്ച്വറി എന്നത് എപ്പോഴും സംഭവിക്കാവുന്ന ഒന്നും ട്രിപ്പിൾ സെഞ്ച്വറി എന്നത് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ സംഭവിക്കാവുന്ന ഒന്നുമായി ക്രിക്കറ്റ് മാറിയിരിക്കുകയാണ്.
20- 20 ക്രിക്കറ്റിന്റെ ആരംഭത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഉണ്ടായിരുന്ന വിരസമായ സമനിലകളും ഏകദിന ക്രിക്കറ്റിൽ നിലനിന്നിരുന്ന പ്രതിരോധ ബാറ്റിംഗും പൂർണമായും അസ്തമിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റ് ആയാലും ആദ്യ പന്ത് മുതൽ തന്നെ ആക്രമണം എന്നതാണ് പുതിയ രീതി. അതുകൊണ്ടുതന്നെ ഏത് റെക്കോര്‍ഡുകളും ഏത് സമയവും തകർക്കപ്പെടുമെന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലും രോഹിത് ശർമയുടെ റെക്കോർഡ് 10 വർഷമായി തകർക്കാതെ നിലനിൽക്കുകയാണ്.
1971ൽ നിന്നും 2024 ലേക്കെത്തുമ്പോൾ 4,000 ത്തോളം ഏകദിന മത്സരങ്ങൾ ലോകത്ത് പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം 1974 ജൂൺ 13ന് ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ തോറ്റുകൊണ്ട് ആയിരുന്നു. 1975 ക്രിക്കറ്റ് ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പ്രഥമ ഏകദിന വിജയം. നാളിതുവരെയായി 1058 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. 559 വിജയവും 445 തോൽവിയും 10 ടൈയും 44 എണ്ണം ഉപേക്ഷിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നിലവിൽ 12 രാജ്യങ്ങളാണ് അംഗീകൃത രാജ്യങ്ങൾ ആയിട്ടുള്ളത്.
ഏകദിന ക്രിക്കറ്റിൽ ഒരിക്കലും സംഭവിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന ഡബിൾ സെഞ്ച്വറി പ്രാവർത്തികമാക്കിയത് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയറിൽ നടന്ന മത്സരത്തിലാണ് ആ അത്ഭുത സംഭവം അരങ്ങേറിയത്. 200 റൺസ് എടുത്ത് പുറത്താകാതെ നിന്ന് സച്ചിൻ കാലത്തിന്റെ കാവ്യനീതി പോലെ സകല ബാറ്റിംഗ് റെക്കോർഡുകളുടെയും കളിത്തോഴനായ വ്യക്തിക്ക് ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ചറിക്ക് ഉടമയെന്ന റെക്കോർഡും കൈവരികയായിരുന്നു.
രോഹിത് ശർമക്കും സച്ചിനും പുറമേ വിരേന്ദ്ര സേവാഗ്, ഇഷാൻ കിഷൻ, ശുഭമാൻ ഗിൽ എന്നിവരും ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയിട്ടുണ്ട്. പത്ത് വർഷം പിന്നിട്ടിട്ടും രോഹിത് ശർമയുടെ ഈ റെക്കോർഡ് മറികടക്കപ്പെട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്. ഈ നേട്ടം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആഘോഷിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി ഈ ഇന്നിങ്സ് ഇന്നും വാഴ്ത്തപ്പെടുന്നു.
#RohitSharma #IndianCricket #ODICricket #CricketRecords #DoubleCentury #EdenGardens #CricketHistory