കൊളംബോ: (KVARTHA) ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മഴഭീഷണി.
ഞായറാഴ്ച കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. സ്റ്റേഡിയത്തിൽ മികച്ച ഡ്രെയിനേജ് സംവിധാനങ്ങളുണ്ടെങ്കിലും, മഴ തുടർച്ചയായി പെയ്താൽ മത്സരം നടക്കാനുള്ള സാധ്യത കുറവാണ്.
ഞായറാഴ്ച മുഴുവൻ ഇടവിട്ട് മഴ പെയ്യുമെന്നതിനാൽ, മത്സരം നടന്നാലും ഓവറുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കാം. ഉച്ചയ്ക്ക് മത്സരം തുടങ്ങുമ്പോൾ മഴയ്ക്ക് 50 ശതമാനം സാധ്യതയുണ്ടെങ്കിലും, വൈകിട്ട് അഞ്ചു മണിയോടെ ഇത് 34 ശതമാനമായി കുറയും. എന്നാൽ പിന്നീട് മൂന്ന് മണിക്കൂറുകൾക്ക് ശേഷം 50 ശതമാനമായി വീണ്ടും ഉയരും. ഇത് മത്സരത്തെ ബാധിച്ചേക്കാം.
ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ ഒരു റൺ മാത്രം ബാക്കി നിൽക്കെ മത്സരം സമനില ആയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച ഇതേ വേദിയിൽ നടക്കും. നേരത്തെ ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു.