ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഒഴിയേണ്ടിവരും
ഡെൽഹി: (KVARTHA) അടുത്ത ഐസിസി ചെയർമാനാകാൻ സാധ്യതയുള്ള ജയ് ഷായ്ക്ക് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പിന്തുണ പ്രഖ്യാപിച്ചു.
ഐസിസി (International Cricket Council) ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ മാസം 27-നകം മത്സരിക്കാൻ താത്പര്യമുള്ളവർ അറിയിക്കണം. ഒന്നിലധികം പേർ മത്സരിക്കുകയാണെങ്കിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തും.
ബിസിസിഐ (Board of Control for Cricket in India) സെക്രട്ടറി ജയ് ഷായുടെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയർമാനായി നാമനിർദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു.
നേരത്തെ ഇന്ത്യയിൽ നിന്ന് എൻ ശ്രീനിവാസനും ശശാങ്ക് മനോഹറും ഐസിസി ചെയർമാനായിരുന്നു. ജയ് ഷാ നിലവിൽ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റുമാണ്. ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ രണ്ടു സ്ഥാനങ്ങളും ഒഴിയേണ്ടിവരും.
ജയ് ഷാ 2009ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിയിരുന്നു. പിന്നീട് 2013ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിർമാണ മേൽനോട്ടം ജയ് ഷായുടെ കിഴിലായിരുന്നു. 2015ൽ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ഷാ 2019ൽ ബിസിസിഐ സെക്രട്ടറിയായി ചുമതയേറ്റു. ജയ് ഷാ 2021ലാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായത്.
ഈ വർഷം നവംബറിലാണ് ഐസിസി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.